മുംബൈ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. രാജ്യത്ത് ബിജെപിയുടെ വളർച്ചയും പ്രവർത്തനങ്ങളും അണിയറയിൽ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ശിവസേന മുഖപത്രമായ 'സാമന'യിൽ എഴുതിയത്.

മറാത്തി ദിനപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിമർശനം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ മതധ്രുവീകരണം നടത്താനാണ് ഇപ്പോൾ ഉവൈസി ശ്രമിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഉവൈസി നടത്തിയ ഒരു പ്രസംഗത്തെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. പ്രചാരണ യോഗത്തിൽ ഉവൈസി പ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ അനുയായികൾ പാക്കിസ്ഥാനെ ഉയർത്തിക്കാണിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചു എന്നും പത്രം പറയുന്നു.