മണിമല: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൺമുന്നിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് മണിമലക്കാർ. ഷാരാണിന്റെ 18-ാം പിറന്നാൾ ആഘോഷം കഴിഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം തേടി എത്തിയത്. ഇവർ യാത്ര ചെയ്തിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഷാരോണും ബന്ധുവായ യുവതിയുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ 3 പേർക്കു പരുക്കേറ്റു.

ചാമംപതാൽ കിഴക്കേമുറിയിൽ സജി തോമസിന്റെ മകൻ ഷാരോൺ സജി (18), ചാമംപതാൽ തടത്തിലാങ്കൽ ജോർജുകുട്ടിയുടെ മകൾ രേഷ്മ ജോർജ് (30) എന്നിവരാണു മരിച്ചത്. മുണ്ടയ്ക്കൽ അമല മേരി (25), തോമ്പുങ്കൽ ജോബിൻ ജയിംസ് (29), കടയനിക്കാട് മുട്ടത്തുപാറയിൽ മെൽബിൻ തോമസ് (39) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

രേഷ്മയുടെ പിതാവ് ജോർജ് കുട്ടിയുടെ സഹോദരി മോളിയുടെ ഭർത്താവ് ജയിംസിന്റെ സഹോദരി സുനിയുടെ മകനാണ് ഷാരോൺ. ഞായറാഴ്ച ഷാരോണിന്റെ ജന്മദിനമായിരുന്നു. പരുക്കേറ്റ ജോബിന്റെ പിതാവിന് കരിക്കാട്ടൂരിൽ കൃഷിയിടത്തിൽ വീടുണ്ട്. ഇവിടെ ഷാരോണിന്റെ ജന്മദിനം ആഘോഷിച്ച ശേഷം ചാമംപതാലിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നലെ അമലയുടെ ജന്മദിനം ആഘോഷിക്കാനും പദ്ധതിയിട്ടിരുന്നു.

കരിക്കാട്ടൂരിലെ വീടിന് 2 കിലോമീറ്റർ അകലെ പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിൽ മണിമല പാലത്തിനു സമീപം ഇന്നലെ രാവിലെ ആറിനാണു സംഭവം. രണ്ട് മാസം മുൻപ് വിവാഹ നിശ്ചയം കഴിഞ്ഞ രേഷ്മയുടെ വിവാഹം അടുത്തു തന്നെ നടക്കാനിരിക്കുകയായിരുന്നു. പരുക്കേറ്റ അമലയുടെ ജന്മദിനം ഇന്നലെയായിരുന്നു. ജോബിനാണ് കാറോടിച്ചിരുന്നത്.

വർഷങ്ങളായി പുണെയിലാണ് രേഷ്മയുടെ കുടുംബം. പുണെയിൽ വ്യവസായിയായ ജോർജ് കുട്ടിയും ഭാര്യ മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ ഗീതയും അടുത്തിടെയാണ് നാട്ടിലേക്കു താമസം മാറ്റിയത്. പുണെയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് രേഷ്മ. രേഷ്മയുടെ സംസ്‌കാരം പിന്നീട് നടക്കും. സഹോദരൻ: രാഹുൽ. കോട്ടയത്ത് സിഎ കോഴ്‌സിനു പഠിക്കുകയാണ് ഷാരോൺ. സഹോദരി അൽഫോൻസ. ഷാരോണിന്റെ സംസ്‌കാരം ഇന്നു 11നു ഫാത്തിമ മാതാ പള്ളിയിൽ.