വാഹന പ്രേമികളുടെ പ്രിയപ്പെട്ട വണ്ടിയായ യാരിസിന്റെ നിർമ്മാണം അവസാനിപ്പിച്ച് ടൊയോട്ട. സെപ്റ്റംബർ 27 മുതൽ യാരിസിന്റെ ഇന്ത്യയിലെ നിർമ്മാണം നിർത്തുന്നതായി ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നും നിലവിലെ യാരിസ് ഉപഭോക്താക്കൾക്ക് തുടർന്നും സേവനങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

അടുത്ത വർഷം കൂടുതൽ മോഡലുകൾ പുറത്തിറക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. പുറത്തിറങ്ങിയ കാലം മുതൽ സെഗ്മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിർമ്മാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കൾ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു.

പെട്രോൾ എൻജിനോടെ മാത്രമായിരുന്നു യാരിസ് വിപണിയിലെത്തിയത് 1.5 ലീറ്റർ, നാലു സിലിണ്ടർ ഡ്യുവൽ വി വി ടി ഐ പെട്രോൾ എൻജിന് പരമാവധി 108 ബി എച്ച് പി വരെ കരുത്തുണ്ട്. ആറു സ്പീഡ് മാനുവൽ, ഏഴു സ്റ്റെപ് സി വി ടി(ഓട്ടമാറ്റിക്) ട്രാൻസ്മിഷനുകളാണ് വാഹനത്തിലുള്ളത്.

ആഗോള വിപണിയിൽ യാരിസ് ഹാച്ച് ബാക്കായിരുന്നു എന്നാൽ ഇന്ത്യയ്ക്ക് സെഡാൻ മോഡലാണ് കിട്ടിയത്. ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത ഫീച്ചറുകളുമായാണ് ഹാരിസ് എത്തിയത്. മധ്യനിര സെഡാൻ വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാൻ സണ്ണി, ഫോക്‌സ് വാഗൻ വെന്റൊ, സ്‌കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യൻ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികൾ.