കോഴിക്കോട്: അവയവ ദാനം സുതാര്യമാക്കാൻ സർക്കാർ സൊസൈറ്റി വരുന്നു. ആരോഗ്യമന്ത്രി ചെയർപഴ്‌സൻ ആയി തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെസോട്ടോ) എന്ന പേരിലാണ് സൊസൈറ്റി വരുന്നത്. മരണ ശേഷവും ജീവിച്ചിരിക്കുമ്പോഴും നടത്തുന്ന അവയവദാനങ്ങൾ ഒരു കുടക്കീഴിലാക്കാനും അവയവദാനം സുതാര്യമാക്കാനുമാണ് സംസ്ഥാനത്ത് സൊസൈറ്റി രൂപീകരിച്ചത്.

നിലവിൽ നടക്കുന്ന മൃതസഞ്ജീവനി പദ്ധതി സൊസൈറ്റിയുടെ ഭാഗമാകും. വ്യാജ പ്രചാരണം സജീവമാകുകയും ഇതേ തുടർന്ന് അവയവദാനം കുറയുകയും ചെയ്ത സാഹചര്യത്തിലാണു പുതിയ തീരുമാനം. അവയവദാനം സർക്കാർ മേൽനോട്ടത്തിൽ സുതാര്യമാകുന്നതോടെ കൂടുതൽ പേർ സന്നദ്ധരാകുമെന്നാണു പ്രതീക്ഷ. ഇതിനു പുറമേ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി, ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും പ്രോത്സാഹിപ്പിക്കും.

സൊസൈറ്റിയുടെ വിശദ പ്രവർത്തനങ്ങൾക്കായി ആരോഗ്യവിദഗ്ദ്ധർ അടങ്ങിയ ഗവേണിങ് ബോഡി രൂപീകരിക്കും. പൂർണതോതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ അവയവദാനത്തിനു കാലതാമസം ഉണ്ടായേക്കാം എന്നതിനാലാണു സൊസൈറ്റിയായി പ്രവർത്തനം നടത്തുന്നത്. അവയവങ്ങൾക്കായി ആയിരക്കണക്കിനു പേരാണ് കാത്തിരിക്കുന്നത്. അവയവം ലഭിക്കാനായി സംസ്ഥാനത്തു രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന രോഗികൾ: വൃക്ക 2024, കരൾ 643, ഹൃദയം 50, പാൻക്രിയാസ് 3, ചെറുകുടൽ 1