ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാരും കോവിഡ് വാക്സിനേഷൻ സ്വീകരിക്കണമെന്ന ഉത്തരവിന്റെ കാലാവധി ഒക്ടോബർ 27 തിങ്കളാഴ്ച അവസാനിക്കുന്നു.

രോഗികളെ സംരക്ഷിക്കുക എന്നതിന് മുഖ്യ പരിഗണന നൽകി അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ്, ഫുഡ് സർവീസസ്, ക്ലിനഴ്സ് തുടങ്ങി എല്ലാവരും രണ്ടു ഡോസ് വാക്സിനേഷൻ ഒക്ടോബർ 27ന് മുൻപു സ്വീകരിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു.

ആയിരക്കണക്കിനു ഹെൽത്ത് സർവീസ് ജീവനക്കാർ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചിട്ടില്ല. ഇവർ ജോലിയിൽ നിന്നു സ്വയം ഒഴിഞ്ഞുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്യാം.

തിങ്കളാഴ്ച കഴിയുന്നതോടെ ന്യൂയോർക്ക് ആരോഗ്യ സുരക്ഷാ രംഗത്ത് ആവശ്യമായ സ്റ്റാഫിനെ ലഭിക്കാത്ത സാഹചര്യത്തിൽ നാഷനൽ ഗാർഡിനെ രംഗത്തിറക്കാൻ ന്യൂയോർക്ക് സംസ്ഥാന അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന കോവിഡ് 19 വാക്സീൻ മാൻഡേറ്റ് ഡെഡ്ലൈൻ അവസാനിക്കുമ്പോൾ ന്യൂയോർക്ക് ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും കൂടുതൽ വർക്ക് ഫോഴ്സിനെ രംഗത്തിറക്കണമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹൗച്ചർ പറഞ്ഞു. ആവശ്യമായാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആരോഗ്യവകുപ്പ് ജീവനക്കാരെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുമെന്നും ഗവർണർ പറഞ്ഞു.