ദുബൈ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോ 2020ൽ(Dubai Expo 2020) പങ്കെടുക്കാൻ ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി അനുവദിക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണിത്.

ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാം.

എക്‌സ്‌പോ 2020നായി കാത്തിരിക്കുന്നവർക്ക് ഒരു ദിവസത്തെ സന്ദർശന നിരക്കിൽ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോൾ സ്വന്തമാക്കാനും സാധിക്കും. ഒക്ടോബർ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന ഈ എൻട്രി ടിക്കറ്റിലൂടെ 31 ദിവസം എക്‌സ്‌പോ വേദി സന്ദർശിക്കാനാവും. 95 ദിർഹമാണ് നിരക്ക്.

ഒക്ടോബർ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. പവലിയനുകൾ സന്ദർശിക്കാനായി 10 സ്മാർട്ട് ക്യൂ ബക്കിങുകളും ഈ പ്രത്യേക പാസിൽ ഫ്രീയായി ലഭിക്കും. ഇതിലൂടെ ഓരോ പവലിയന് മുന്നിലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന് എക്‌സ്‌പോ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‌ലെറ്റുകളുമാണ് എക്‌സ്‌പോ നഗരിയിൽ ഒരുങ്ങുന്നത്. ദുബൈ എക്‌സ്‌പോ 2020ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണ്.