- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോൺസൻ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിക്കുക ആയിരുന്നു; ദൗർഭാഗ്യമെന്നു പറയട്ടെ, 24 ന്യൂസ് റിപ്പോർട്ടർ സഹിൻ ആന്റണി ചേട്ടനാണ് ലാൽജി സാറിനെ വീട്ടിൽ കൊണ്ടുവരുന്നത്.. ലാൽജി സാറിനും മോൻസൻ സാറിനും അടുത്ത ബന്ധമാണ്' എന്ന് അജി പറയുമ്പോഴേക്കും ദൃശ്യം മുറിഞ്ഞു; ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ചർച്ചയാവുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൺസൺ മാവുങ്കൽ അഴിക്കുള്ളിൽ ആയപ്പോൾ പ്രമുഖ ചാനലിന്റെ റിപ്പോർട്ടറും അറിഞ്ഞോ അറിയാതെയോ തട്ടിപ്പിൽ ഭാഗമാക്കായെന്ന ആരോപണം ശക്തമാകുന്നു. തട്ടിപ്പിന് ഇരയായ ആളുകൾ പണത്തിന് സമീപിക്കുമ്പോൾ വീട്ടിൽ വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്വാധീനവും ഉപയോഗിച്ചാണ് മോൺസൺ രക്ഷപ്പെട്ടിരുന്നത്. ഡിഐജി സുരേന്ദ്രൻ, 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിൻ ആന്റണി പരിചയപ്പെടുത്തി കൊടുത്ത എറണാകുളത്തെ നേരത്തെയുള്ള അസി.കമ്മീഷണർ ലാൽജി നേരത്തെ ചേർത്തല സിഐ ആയിരുന്ന അനന്ത ലാൽ തുടങ്ങി നിരവധി ഉദ്യോഗസ്ഥരുടെ പേരുകൾ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിന് പുറമേ മോൺസണെ പ്രകീർത്തിച്ചുകൊണ്ട് സഹിൻ ആന്റണി തയ്യാറാക്കിയ ഡോക്യുമെന്ററി യൂട്യൂബിൽ ലഭ്യമാണ്. ശബരിമല യുവതി പ്രവേശന വിഷയം കത്തിനിൽക്കുന്ന സമയത്ത്, 400 വർഷം പഴക്കമുള്ള 'ചെമ്പോല തിട്ടൂരം' എന്ന പേരിൽ മോൻസൺ മാവുങ്കൽ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചിരുന്നു ശബരിമലയിൽ ആചാരങ്ങൾ നടത്താൻ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വർഷം 843 ൽ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാർത്ത നൽകിയത്.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിൻ ആന്റണിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചെമ്പോല തിട്ടൂര പ്രകാരം ഈഴവർക്കാണ് ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ നടത്താൻ ഉള്ള അവകാശമെന്നും ഈ രേഖകൾ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയിൽ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നു തയാറാക്കിയ റിപ്പോർട്ടിൽ ഇപ്പോൾ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോൾ ഈ രേഖയെന്നതും ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർത്ത കൊച്ചി എസിപി ലാൽജിയുമായും, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ, 24 ന്യൂസ് ചാനൽ കോഴിക്കോട് റീജനൽ മേധാവി ദീപക് ധർമ്മടം മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായിരുന്നു. തുടർന്ന് ചാനൽ മുഖം രക്ഷിക്കാൻ ഇയാളെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിൻ ആന്റണിയായിരുന്നു.
ഏതായാലും ഏറ്റവും ഒടുവിൽ പരാതിക്കാരൻ അനൂപും മോൺസന്റെ സുഹൃത്ത് നടൻ ബാലയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ ഇടനിലക്കാരനായ മോൺസന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24 ന്യൂസ് സംപ്രേഷണം ചെയ്തപ്പോഴുള്ള അബദ്ധമാണ് ചർച്ചയാവുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ഇക്കാര്യത്തിൽ ഇട്ട പോസ്റ്റ് വായിക്കാം.
പുരാവസ്തു വിവാദത്തിൽപ്പെട്ട മോൻസൻ മാവുങ്കലിന്റെ ഡ്രൈവർ അജി നെട്ടൂരിന്റെ അഭിമുഖം 24ന്യൂസ് കാണിക്കുകയായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ, 'സഹിൻ ആന്റണി ചേട്ടനാണ് ലാൽജി സാറിനെ വീട്ടിൽ കൊണ്ടുവരുന്നത്. ലാൽജി സാറിനും മോൻസൻ സാറിനും അടുത്ത ബന്ധമാണ്,'' എന്ന് അജി പറയുമ്പോഴേക്കും No Input Signal എന്നൊരു സന്ദേശം വന്ന് ദൃശ്യം മുറിഞ്ഞു.
പിന്നീട് അവതാരകൻ ചേട്ടൻ വന്ന് എന്തോ പറഞ്ഞു. വീണ്ടും തിരികെ വന്നപ്പോഴേക്കും ആ ഫ്‌ളോ അങ്ങ് നഷ്ടപ്പെട്ടു. 24ന്യൂസ് റിപ്പോർട്ടർ ആയ സഹിൻ ആന്റണി ചേട്ടനെ കുറിച്ച് അജി പറഞ്ഞത് എന്തായിരുന്നെന്ന് അറിയാൻ പ്രേക്ഷകർക്ക് താല്പര്യം ഉണ്ടാകുമല്ലോ. സഹിൻ ആന്റണി ചേട്ടന്റെ പേരു പറഞ്ഞപ്പോൾ ദൃശ്യം മുറിഞ്ഞത് യാദൃശ്ചികമാണ് എന്നാണ് ഞാൻ കരുതുന്നത്. കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ ലൈവിന് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ ചേട്ടനെ ഓർമ്മിപ്പിക്കുന്നു.
ഈ ദൃശ്യം ചാനലിന്റെ യൂട്യൂബ് ലൈവ് ചേട്ടനിൽ ഇപ്പോൾ ഇല്ല. അതിൽ പഴയഭാഗം കാണാനുള്ള ഓപ്ഷൻ ചേട്ടൻ ഇപ്പോൾ ലഭ്യമല്ല. YuppTV ചേട്ടൻ എന്ന ആപ്പ് വഴിയാണ് ഞാൻ ഈ ദൃശ്യം എടുത്തത്.ദൃശ്യങ്ങൾക്ക് കടപ്പാട്: 24News, YuppTV
https://www.facebook.com/100000302538665/videos/1541174742892454/
മറുനാടന് മലയാളി ബ്യൂറോ