- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് നിലവിലെ കൺസഷൻ നിരക്ക് തുടരും; സ്‌കൂൾ തുറക്കുന്നതോടെ കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും ആരംഭിക്കുമെന്നും മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ നിരക്ക് തുടരുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. സ്‌കൂൾ തുറക്കലിനു മുന്നോടിയായുള്ള വിദ്യാഭ്യാസ-ഗതാഗത വകുപ്പുകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ കെഎസ്ആർടിസി നല്കിവരുന്ന വിദ്യാർത്ഥികൾക്കുള്ള കൺസഷൻ തുടരും. സ്‌കൂൾ തുറക്കുന്നതോടെ കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും ആരംഭിക്കും. ആവശ്യമായ സ്‌കൂളുകൾക്ക് കെഎസ്ആർടിസിയുടെ ബോണ്ട് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോണ്ട് സർവീസ് ആവശ്യമുള്ള സ്‌കൂൾ അധികൃതർ ഗതാഗത വകുപ്പുമായി ബന്ധപ്പെടണം.
സർവീസ് നിരക്ക് സംബന്ധിച്ച് ഓരോ സ്‌കൂളുകളിലേയ്ക്കുമുള്ള യാത്രാദൂരം ഉൾപ്പെടെയുള്ളവ പരിശോധിച്ചായിരിക്കും തീരുമാനം ഉണ്ടാവുക. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ മാർഗരേഖ വിദ്യാഭ്യാസ വകുപ്പിനു കൈമാറി.
സ്‌കൂൾ ബസുകളുടെ 2020 ഒക്ടോബർ മുതൽ ഒരുവർഷത്തെ ടാക്‌സ് ഒഴിവാക്കാൻ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തതായും മന്ത്രി അറിയിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, വിദ്യാഭ്യാസ ഗതാഗത വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ