തൃശൂർ: നഗരത്തിൽ എക്സൈസിന്റെ നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട. പനമുക്ക് സ്വദേശികളായ രണ്ട് പേർ പിടിയിൽ. പനമുക്ക്, വട്ടപ്പിന്നി പ്രദേശങ്ങളിൽ നടത്തിയ രാത്രി കാല പട്രോളിംഗിലാണ് ഇവരെ പിടികൂടിയത്.

മാരക മയക്കുമരുന്നായ എം.ഡി.എം എ ആണ് ഇവരുടെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്. പനമുക്ക് സ്വദേശികളായ ചുള്ളി വളപ്പിൽ അഭിജിത്ത് ചുള്ളിപ്പറമ്പിൽ അർജ്ജുൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച 2 ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു.

11 ഗ്രാം എം.ഡി.എം എ ആണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരെ കൂടാതെ വട്ടപ്പിന്നി സ്വദേശി തയ്യിൽ വൈശാഖിന്റെ പക്കൽ നിന്നും 3.6 ഗ്രാം എം.ഡി.എം എയും എക്സൈസ് പിടികൂടി. ഇത്തരം മയക്കുമരുന്നു കൈവശം വക്കുന്നത് പത്ത് മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.