പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ജീവനില്ലാത്ത പെൺകുഞ്ഞിനെ പ്രസവിച്ചു. 17കാരിയെ ഗർഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ആനമാറി സ്വദേശി പ്രവീൺകുമാർ (24) ആണ് അറസ്റ്റിലായത്.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയതും യുവാവിനെ അറസ്റ്റ് ചെയ്തതും. 17 വയസ്സുള്ള പെൺകുട്ടി 26 നു രാത്രിയാണു സ്വകാര്യ ആശുപത്രിയിൽ ജീവനില്ലാത്ത കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്റെ മൃതദേഹം പ്രവീൺകുമാറാണ് കൊണ്ടുപോയി മറവു ചെയ്തത്. ആശുപത്രിയിൽ നിന്നു വിവരം അറിയിച്ചതിനെത്തുടർന്ന് 27 നു വൈകിട്ടു കൊല്ലങ്കോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. രാത്രി അറസ്റ്റ് ചെയ്ത പ്രവീൺ കുമാറിനെ ആലത്തൂർ സബ് ജയിലിലേക്കു റിമാൻഡ് ചെയ്തു.

ഇന്നലെ ചിറ്റൂർ തഹസിൽദാർ ഡി.അമൃതവല്ലി, എഎസ്‌പി പദം സിങ്, കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ എ.വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റും പൊലീസ് സർജൻ ഡോ. ജെറി ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടവും നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തുടർന്നു വീണ്ടും മൃതദേഹം മറവു ചെയ്തു.