മുംബൈ: മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ മഴവെള്ളപ്പാച്ചിലിൽ സർക്കാർ ബസ് ഒലിച്ചുപോയി. ബസിലുണ്ടായിരുന്ന നാലു പേർ മരിച്ചു. യവത്മാൾ ജില്ലയിലെ ദഹഗാവിൽ ഇന്നലെ രാവിലെ എട്ടിനാണ് അപകടം. വെള്ളം കവിഞ്ഞൊഴുകിയ പാലത്തിലൂടെ കടന്നുപോകുമ്പോൾ ബസ് ഒഴുക്കിൽപെടുകയായിരുന്നു.

പേമാരിയിലും അതേത്തുടർന്നുണ്ടായ കെടുതികളിലും മറാഠ്‌വാഡ മേഖലയിൽ 10 പേർ മരിച്ചു. ലാത്തൂർ, ബീഡ്, ഔറംഗബാദ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശമാണ് മറാഠ്വാഡ. പ്രളയബാധിത മേഖലകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഉത്തരമഹാരാഷ്ട്രയിലെ നാസിക്കിലും കനത്ത മഴ പെയ്യുകയാണ്.