- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ പൂർത്തിയായതോടെ കോഴിക്കോട്ടെ ഐടി കമ്പനികൾ സാധാരണ നിലയിലേക്ക്
കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പൂർണമായും വർക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാർ തിരികെ ഓഫീസിലെത്തി തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക്സിനേഷൻ ഏതാണ്ട് പൂർത്തിയാകുകയും ചെയ്തതോടെ സർക്കാർ സൈബർപാർക്കിലും യുഎൽ സൈബർപാർക്കിലും പുറത്തുമുള്ള കമ്പനികളിലേറെയും പ്രവർത്തനം സാധാരണ നിലയിലാക്കി. മിക്ക കമ്പനികളിലും ജീവനക്കാർ പതിവുപോലെ ഓഫീസിൽ വന്നു തുടങ്ങി. കുറഞ്ഞ ജീവനക്കാരുള്ള ഏതാനും കമ്പനികളിൽ എല്ലാ ജീവനക്കാരും പഴയപോലെ ഇപ്പോൾ ഓഫീസിലെത്തുന്നുണ്ട്. വർക്ക് ഫ്രം ഹോമിനു പുറമെ ഓഫീസിലിരുന്നും ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതിയും ചില കമ്പനികൾ പിന്തുടരുന്നുണ്ട്.
'സൈബർപാർക്കും കമ്പനികളും സംഘടിപ്പിച്ച വാക്സിനേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐടി ജീവനക്കാരെല്ലാം ഏതാണ്ട് പൂർണമായും വാക്സിൻ സ്വീകരിച്ചതോടെ സുരക്ഷിത തൊഴിലിടമായി പാർക്ക് മാറി. കമ്പനികളുടെ പ്രവർത്തനം പടിപടിയായി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്-' ഗവ. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു.
'കോവിഡ് പ്രതിസന്ധി കാലത്തും ഐടി കമ്പനികൾക്ക് ബിസിനസ് വളർച്ചയാണുണ്ടായത്. 90 ശതമാനം ജീവനക്കാരും പൂർണമായും വാക്സിൻ എടുത്തതോടെ അവർക്ക് സുരക്ഷിതമായി ഓഫീസുകളിൽ തിരിച്ചെത്താനുള്ള വഴിയൊരുങ്ങി. ഇപ്പോൾ മിക്ക കമ്പനികളിലും ഏതാണ്ടെല്ലാ ജീവനക്കാരും സാധാരണ പോലെ ഓഫീസിൽ വരുന്നുണ്ട്. സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ ഐടി മേഖലയ്ക്കും പൂർണമായും തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങി,' കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) പ്രസിഡന്റും ഗവ. സൈബർപാർക്കിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്ന കമ്പനിയായ ഐഒഎസ്എസ് സിഇഒയുമായ അബ്ദുൽ ഗഫൂർ പറഞ്ഞു.