കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്‌പ്പ് നിരസിച്ചതിന് ക്യൂബെക്കിലെ 17,000-ൽ അധികം ആരോഗ്യ പരിപാലന തൊഴിലാളികളെ അടുത്ത മാസം സസ്‌പെൻഡ് ചെയ്യും. ആ ജോലിക്കാരുടെ വിടവ് നികത്താൻ ഇപ്പോൾ പ്രവിശ്യാ ഉദ്യോഗസ്ഥർ പാടുപെടുകയാണെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.ക്യൂബെക്കിന്റെ ഹെൽത്ത് കെയർ നെറ്റ്‌വർക്കിലെ മൊത്തം 17,642 ജീവനക്കാർക്ക് ഇപ്പോഴും ആദ്യത്തെ ഡോസ് പോലും എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെയുടെ വക്താവ് അറിയിച്ചു.

കുത്തിവയ്പ് എടുക്കാത്ത ജീവനക്കാരിൽ പകുതിയോളം രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന മുൻനിര തൊഴിലാളികളാണെന്നുംഎല്ലാ ആരോഗ്യ പരിപാലന തൊഴിലാളികളെയും പൂർണമായി പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന പ്രവിശ്യാ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഒക്ടോബർ 15-ന് വാക്‌സിൻ എടുക്കാത്തവരെ സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

ആദ്യ ഡോസ് മാത്രം സ്വീകരിച്ച ആയിരക്കണക്കിന് ആളുകൾക്ക് രണ്ടാമത്തേത് ലഭിക്കുന്നതുവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്.ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് സെപ്റ്റംബർ ആദ്യമാണ് നിർബന്ധിത വാക്‌സിനേഷൻ നയം പ്രഖ്യാപിച്ചത്. ഒക്ടോബർ 15 -നകം വേണ്ടത്ര പ്രതിരോധ കുത്തിവയ്‌പ്പ് നടത്താത്ത ആരെയും ശമ്പളമില്ലാതെ സസ്‌പെൻഡ് ചെയ്യുമെന്നാണ് ഉത്തരവിൽ പറയുന്നത്.