ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന എട്ടാമത് വോളിബോൾ ടൂർണമെന്റിന്റെ ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് എ ടീമിനെ നേരിട്ടുള്ള (3-0) സെറ്റുകൾക്ക് പരാജയപ്പെടുത്തി സെന്റ് ജോസഫ് സീറോ മലബാർ ബി ടീം കിരീടത്തിൽ മുത്തമിട്ടു, റവ.ഫാ. ടി.എം പീറ്റർ എവർറോളിങ് ട്രോഫി സ്വന്തമാക്കി. .

സെപ്റ്റംബർ 25 ശനിയാഴ്ച ഹ്യൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ നടന്ന വോളിബോൾ മാമാങ്കത്തിൽ ഏഴ് ടീമുകൾ പങ്കെടുത്തു. ഹൂസ്റ്റൺ വോളിബോൾ പ്രേമികളെ ഉദ്വെഗജനകമായ ആവേശകൊടുമുടിയിൽ എത്തിച്ച സെമി ഫൈനൽ മത്സരങ്ങളിൽ സെന്റ് ജോസഫ് സീറോ മലബാർ ബീ ടീം നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടീമിനെ പരാജയപ്പെടുത്തിയപ്പോൾ, സെന്റ് മേരീസ് കാത്തലിക് 'എ' ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് സെന്റ് ജോസഫ് സീറോ മലബാർ 'എ' ടീമിനെ കീഴടക്കി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.

ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എംവിപി (MVP) ട്രോഫി സെന്റ് ജോസഫ് സീറോ മലബാർ ബി ടീമംഗമായ അലോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫൻസീവ് പ്ലെയർ ആയി ബിനോയ് ജോർജ് (സെന്റ് ജോസഫ് സീറോ മലബാർ ബി ടീം), ബെസ്റ്റ് ഒഫണ്ടറായി (ഹിറ്റർ) നോയെൽ ഷിബു (സെന്റ് മേരീസ് ക്‌നാനായ കാത്തലിക്), ബെസ്റ്റ് സെറ്ററായി റയാൻ ഫിലിപ്പ് (സെന്റ് മേരീസ് കനാനായ കാത്തലിക്), റൈസിങ് സ്റ്റാറായി ബാജിയോ അലക്‌സ് (സെന്റ് മേരിസ് സിറിയൻ ഓർത്തഡോക്‌സ്), എമെർജിങ് പ്ലേയർ ആയി ഷോൺ ജോസി (സെന്റ് ജോസഫ് സീറോ മലബാർ എ ടീം) എന്നിവർ അർഹരായി.

സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച മത്സരങ്ങൾ ഐസിഇസിഎച്ച് പ്രസിഡണ്ട് റവ: ഐസക് ബി പ്രകാശ് ഉദ്ഘാടനം ചെയ്തു. റഫറിമാരായ ജോൺസൺ ഉമ്മനും, വിനോദ് ചെറിയാനും മത്സരങ്ങൾ നിയന്ത്രിച്ചു.

അലക്‌സ് പാപ്പച്ചൻ, നൈനാൻ വെട്ടിനാൽ, ഷാജി പുളിമൂട്ടിൽ എന്നിവരടങ്ങുന്ന ടീം സ്‌കോർ ബോർഡ്, മത്സരങ്ങളുടെ തൽസമയ അനൗൺസ്‌മെന്റുകൾ നടത്തി ടൂർണമെന്റിന് മാറ്റുകൂട്ടി. ഐ സി ഇ സി എച്ച് സ്പോർട്സ് കൺവീനർ റവ:ഫാ.ജെക്കു സക്കറിയ, കമ്മറ്റി അംഗങ്ങളായ റെജി കോട്ടയം, നൈനാൻ വെട്ടിനാൽ, ബിജു ചാലക്കൽ, ജോൺസൺ, സന്തോഷ് തുണ്ടിയിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

ടൂർണമെന്റിൽ വിശിഷ്ടാതിഥിയായ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

എക്യൂമിനിക്കൽ സ്പോർട്സ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ കൂട്ടായ്മയും ഐക്യവും സൗഹൃദവുമാണ് വിജയകരമായി ഈ ടൂർണമെന്റ് നടത്തുവാൻ തങ്ങൾക്ക് സാധിച്ചതെന്നു കഴിഞ്ഞ എട്ടു വർഷമായി ഐസിഇസിഎച്ച് സ്പോർട്സ് കൺവീനറായി സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന റവ. ഫാ. ജെക്കു സഖറിയ ഓർമിപ്പിച്ചു.

റെജി കോട്ടയം ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെന്റ് നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാവർക്കും, കാണികളായി എത്തിയ എല്ലാ ഹൂസ്റ്റൺ വോളിബോൾ പ്രേമികൾക്കും ഹൂസ്റ്റൺ എക്യൂമിനിക്കൽ സ്പോർട്സ് കമ്മറ്റിയുടെ കൃതജ്ഞത അറിയിച്ചു.