വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും സെനറ്റ് ന്യൂനപക്ഷ ലീഡർ മിച്ചു മെക്കോണലും കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് തിങ്കളാഴ്ച സ്വീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഒടുവിൽ ആദ്യ ഡോസും ജനുവരിയിൽ രണ്ടാം ഡോസും ബൈഡന് ലഭിച്ചിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയതായി തയാറാക്കിയ മാർഗനിർദേശമനുസരിച്ചാണ് 65 വയസ്സിനു മുകളിലുള്ളവർക്കും 18 വയസ്സിനു മുകളിൽ ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും ഫൈസർ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയത്.

78 വയസ്സുള്ള അമേരിക്കൻ പ്രസിഡന്റ് പുതിയ സിഡിസി ഗൈഡ് ലൈൻ അനുസരിച്ചു ഫൈസർ ബൂസ്റ്റർ ഡോസിന് അർഹത നേടിയിരുന്നു. 79 വയസ്സു കഴിഞ്ഞ മിച്ച് മെക്കോണലും ബൂസ്റ്റർ ഡോസിനു അർഹനായിരുന്നു. 'ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്. എന്നാൽ ഇതിലുപരി എല്ലാവരും വാക്സിനേറ്റ് ചെയ്യുകയെന്നതാണ് അത്യാവശ്യമായിരിക്കുന്നത്'-ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനു മുൻപ് ബൈഡൻ പറഞ്ഞു.

അമേരിക്കയിലെ 77 ശതമാനം പേരും വാക്സീൻ സ്വീകരിച്ചു കഴിഞ്ഞുവെങ്കിലും ഇനിയും 23 ശതമാനവും വാക്സീൻ സ്വീകരിച്ചിട്ടില്ലെന്നും ബൈഡൻ ഓർമ്മിപ്പിച്ചു. സെനറ്റ് മൈനോറട്ടി ലീഡർ മിച്ച് മെക്കോണലും (79) തിങ്കളാഴ്ച വൈകിട്ടാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ബൂസ്റ്റർ ഡോസിന് അർഹരായവർ എല്ലാവരും അതു സ്വീകരിക്കണമെന്നും മെക്കോണൽ അഭ്യർത്ഥിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ 88 ശതമാനം വാക്സിനേറ്റ് ചെയ്തപ്പോൾ 55 ശതമാനം റിപ്പബ്ലിക്കൻസ് മാത്രമാണ് വാക്സിനേറ്റ് ചെയ്തതെന്ന് സെനറ്റ് മേശപുറത്തുവെച്ച രേഖകളിൽ പറയുന്നു.