കോഴിക്കോട്: നിസ്വാർഥരും ആദർശ ധീരരുമായിരുന്ന നേതാക്കൾ വഹിച്ചിരുന്ന കെപിസിസി അധ്യക്ഷപദം തട്ടിപ്പുകാർക്ക് സാക്ഷ്യപത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരുടെ സ്ഥാനമായി മാറിയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.

അർധ നഗ്‌നനായി ജീവിച്ച മഹാത്മാ ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ കെപിസിസി നേതൃത്വം വ്യാജ കോസ്മറ്റിക് ഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ച് സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പാർട്ടിയായി അധ:പതിച്ചു. ബിജെപിയുടെ ശരീരവും കോൺഗ്രസ്സിന്റെ തൊലിയുമായി നടക്കുന്ന കെ. സുധാകരനെ ചികിത്സിക്കാൻ മോൺസൺ മാവുങ്കലിനേക്കാൾ മികച്ച ഒരു കോസ്‌മെറ്റോളജിസ്റ്റിനെ ഭൂമിയിൽ ലഭിക്കാനില്ല.

സത്യസന്ധതയുടെയും എളിമയുടെയും ആൾരൂപമായിരുന്ന മഹാത്മജിയോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കിൽ ഗാന്ധിജയന്തിക്ക് മുമ്പായി കെ.സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കണം.