- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ സ്റ്റേഷനുകളിൽ മേൽക്കൂരയുള്ള സ്ഥലത്ത് വാഹന പാർക്കിങ് ഏർപ്പെടുത്തണം; വീഴ്ച വരുത്തുന്ന കരാറുകാർക്ക് എതിരെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ മേൽക്കൂരയുള്ള സ്ഥലത്ത് സുരക്ഷിതമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് ഉത്തരവ് നൽകി. ഇല്ലെങ്കിൽ കരാറുകാർക്കെതിരെ ദക്ഷിണ റയിൽവേ കരാർ ലംഘനത്തിന് നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് സീനിയർ റയിൽവേ ഡിവിഷണൽ മാനേജർക്ക് ഉത്തരവ് നൽകി. സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. പാർക്കിങ് ഫീസ് നിയമാനുസരണം വാങ്ങണമെന്നും കൃത്യമായ രസീത് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡിവിഷണൽ റയിൽവേ മാനേജർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ സംസ്ഥാനത്തെ റയിൽവേ സ്റ്റേഷനുകളിലുള്ള പാർക്കിങ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയിരിക്കുകയാണെന്ന് പറയുന്നു. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും റിപ്പോർട്ടിലുണ്ട്. മേൽക്കൂരയുള്ള പാർക്കിങ് സൗകര്യം ഏർപ്പെടുത്തേണ്ടത് കരാറിന്റെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്.
റെയിൽവേയുടെ പാർക്കിങ് നയം കമ്മീഷൻ പരിശോധിച്ചു. നയത്തിലെ 18.6 വ്യവസ്ഥ പ്രകാരം പാർക്ക് ചെയ്യുന്ന വാഹനത്തിന്റെയും ഇന്ധനം, ഹെൽമറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളുടെയും സുരക്ഷ കരാറുകാരന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നു. 18.10 വ്യവസ്ഥ പ്രകാരം മേൽക്കൂരയുള്ള പാർക്കിങ് സൗകര്യം അനുവദിക്കേണ്ടതും കരാറുകാരന്റെ ഉത്തരവാദിത്വമാണ്.
എന്നാൽ എല്ലാം കരാറുകാരന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് റയിൽവേക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. കരാറുകാരൻ നിയമാനുസരണം പ്രവർത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാൻ റയിൽവേക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉത്തരവിൽ പറയുന്നു. കണ്ണപുരം, പരപ്പനങ്ങാടി റയിൽവേസ്റ്റേഷനുകളിൽ വാഹനപാർക്കിങ്ങിന്റെ പേരിലുള്ള കൊള്ളക്കെതിരെ മൊറാഴ സ്വദേശി പി.പി. ഗിരീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ