നിന്ദ്യമായ ആരോപണങ്ങൾ ഉന്നയിച്ചും, പ്രചരിപ്പിച്ചും ഇസ് ലാമോഫോബിയ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ കേരളീയ സമൂഹത്തിനകത്തെ ജൈവമായ ചോദന തന്നെ അതിനെ ചെറുത്തു തോൽപിക്കുമെന്ന വസ്തുത മനസ്സിലാക്കണമെന്ന് പ്രമുഖ എഴുത്തുകാരൻ അജയ് പി മങ്ങാട് പറഞ്ഞു. കേരള സാഹിത്യോത്സവിന്റെ മൂന്നാം ദിനത്തിൽ ഇസ് ലാമോഫോബിയ ഇൻഡസ്ട്രി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവൽ പ്രധാനമായ ധാരാളം പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലെയുള്ള വസ്തുതകളുടെ പിൻബലമില്ലാത്ത വിഷയങ്ങൾ ചർച്ചക്കെടുക്കുന്നത് തന്നെ ശരിയല്ല. ഒരു വാക്കിന്റെ പേരിൽ പോലും രാജ്യദ്രോഹത്തിന് കേസെടുക്കുന്ന കാലത്ത് അത്തരം ഗൗരവമുള്ള വിഷയങ്ങളാണ് പൊതുചർച്ചക്ക് കൊണ്ടുവരേണ്ടത്. കേരളം സാമൂഹിക പുരോഗതി നേടിയത് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷവും ഒരുമിച്ച് നിന്നതിനാലാണ്. അതിനെ അട്ടിമറിച്ചാൽ ഗുണം ലഭിക്കുന്നത് ആർക്കാണെന്ന് ആലോചിക്കണം. യഥാർത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാതെ, ഇല്ലാത്ത ഒന്നിന്റെ പിറകിൽ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ശങ്കരൻ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരള സാഹിത്യോത്സവിൽ ഇന്ന് വായനക്കാർ പറയുന്നു എന്ന വിഷയത്തിൽ സംഭാഷണം നടക്കും.

ഉമർ ഇബ്‌റാഹിം, ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട്, ശമീൽ നുസ് രി പങ്കെടുക്കും.