തിരുവനന്തപുരം- ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയായ സഫിൻ സോഫ്റ്റ്‌വെയർ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ കണ്ടെത്തുന്ന രാജ്യാന്തര ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യാസ് ബെസ്റ്റ് വർക്ക്പ്ലേസസ് ഫോർ വുമൻ 2021 പട്ടികയിലെ ആദ്യ 50 മിഡ് സൈസ് കമ്പനികളിലാണ് സഫിൻ ഉൾപ്പെട്ടത്.

ലിംഗസമത്വം, വിവിധ ചുമതലകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവ വിലയിരുത്തിയാണ് മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങളെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തുടനീളമുള്ള 712 കമ്പനികളെ വിലയിരുത്തിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. കാനഡ ആസ്ഥാനമായ ബാങ്കിങ് സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കമ്പനിയാണ് സഫിൻ. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം ടെക്നോപാർക്കിലാണ്. 180ഓളം ജീവനക്കാരുണ്ട്.