- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മാർക്ക് പുനർമൂല്യനിർണയത്തിൽ 17 ആയി കുറഞ്ഞു; വീണ്ടും പരിശോധിച്ചപ്പോൾ 76 ആയി ഉയർന്നു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ പാകപിഴവ്. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്ക് പുനർമൂല്യനിർണയത്തിൽ വീണ്ടും മാർക്ക് കുറഞ്ഞു. കോടതി അനുമതിയോടെ വീണ്ടും പുനഃപരിശോധിച്ചപ്പോൾ മാർക്ക് 76 ആയി ഉയർന്നു. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ബി.ടെക്. ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ്' ലാണ് മറിമായം.
രണ്ട് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ 24 മാർക്കും 22 മാർക്കും വീതമാണ് ലഭിച്ചത്. ഇവർ ഈ വിഷയത്തിന് മാത്രമാണ് തോറ്റത്. ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തിയപ്പോൾ അവരുടെ മാർക്ക് 17, 10 എന്നിങ്ങനെയായി കുറഞ്ഞു. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർത്ഥിനികൾ തങ്ങൾക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകായുക്തയെ സമീപിച്ചു. ലോകായുക്തയുടെ നിർദേശാനുസരണം പരാതി പരിശോധിക്കാൻ സർവകലാശാല പുനഃപരിശോധനാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരീക്ഷാ ചോദ്യപ്പേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അദ്ധ്യാപകരെക്കൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു. വിദ്യാർത്ഥിനികൾ ബി.ടെക്. പരീക്ഷയിൽ വിജയിക്കുകയും ചെയ്തു.
വീഴ്ച സർവകലാശാലയുടേതാണെങ്കിലും ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിന് 5000 രൂപവീതം ഫീസിനത്തിൽ വിദ്യാർത്ഥിനികളിൽനിന്ന് സർവകലാശാല ഈടാക്കുകയും ചെയ്തു.
മൂല്യനിർണയത്തിന് പരിചയസമ്പന്നരല്ലാത്ത അദ്ധ്യാപകരെ നിയോഗിക്കുന്നതുമൂലം സമർഥരായ ഒട്ടേറെ വിദ്യാർത്ഥികൾ എൻജിനിയറിങ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് ആക്ഷേപം.
മൂല്യനിർണയത്തിൽ വീഴ്ചവരുത്തുന്ന അദ്ധ്യാപകർക്കെതിരേയും ഉത്തരവാദപ്പെട്ട സർവകലാശാല ഉദ്യോഗസ്ഥർക്കെതിരേയും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.