താൽക്കാലിക തൊഴിൽ വിസയിലുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ഗുണകരമാകുന്ന ഒറ്റത്തവണ വ്യവസ്ഥതയോടെ ഒരു പുതിയ റസിഡൻസ് വിസ പാത പ്രഖ്യാപിച്ച് ന്യൂസിലാൻഡ് സർക്കാർ. പുതിയ പദ്ധതി വഴി ഏകദേശം 165,000 കുടിയേറ്റക്കാർ സ്ഥിരതാമസത്തിന് യോഗ്യരാകുമെന്ന് ഇമിഗ്രേഷൻ ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നു. ഈ അപേക്ഷകളുടെ പ്രോസസ്സിങ് അടുത്ത 12 മാസങ്ങളിൽ തന്നെ മുൻഗണന നൽകി ചെയ്യുവാനാണ് ന്യൂസിലാൻഡ് ഇമിഗ്രേഷൻ പദ്ധതിയിടുന്നത്.

5000 ആരോഗ്യമേഖല തൊഴിലാളികൾ, ഏകദേശം 9000 പ്രാഥമിക വ്യവസായ തൊഴിലാളികൾ, 800 ൽ അധികം അദ്ധ്യാപകർ കൂടാതെ ഏകദേശം 15,000 നിർമ്മാണക്കാരും 12,000 നിർമ്മാണ തൊഴിലാളികളുമടക്കം ന്നിവർയോഗ്യതയുള്ളവരാണെന്ന് ന്യൂസിലാൻഡ് ഇമിഗ്രേഷൻ കണക്കാക്കുന്നുവെന്ന് മന്ത്രി ഫഫോയ് പറഞ്ഞു.

ഫീസുകളെയും അപേക്ഷാ പ്രക്രിയയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒക്ടോബർ അവസാനത്തോടെ ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ പ്രസിദ്ധീകരിക്കും. 2021 ഡിസംബർ 1 മുതൽ അപേക്ഷിക്കാൻ യോഗ്യതയുള്ള വിസ ഉടമകളെ ഒക്ടോബർ അവസാനത്തോടെ ഇമിഗ്രേഷൻ ന്യൂസിലാൻഡ് ഇമെയിൽ മുഖേന ബന്ധപ്പെടും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. കാറ്റഗറി തുറന്ന് ഒരു വർഷത്തിനുള്ളിൽ ഭൂരിഭാഗം അപേക്ഷകളും അനുവദിക്കുവാനാണ് തീരുമാനം.

എല്ലാ അപേക്ഷകരും 2021 സെപ്റ്റംബർ 29 -ന് പുതിയ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അപേക്ഷകൻ 2021 സെപ്റ്റംബർ 29 ന് യോഗ്യതയുള്ള വിസയിൽ ന്യൂസിലൻഡിലായിരിക്കണം അല്ലെങ്കിൽ 2021 സെപ്റ്റംബർ 29 -ന് മുമ്പ് യോഗ്യതയുള്ള തുടർ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടാകണം.2021 സെപ്റ്റംബർ 30 നും, 2022 ജൂലൈ 31 നും ഇടയിൽ ആറ് മാസമോ അതിൽ കൂടുതലോ ഉള്ള വിസയിൽ മാത്രം ന്യൂസിലാൻഡിൽ നിർണായക തൊഴിലാളികളായി എത്തുന്നവർക്കും ഈ പുതിയ വിസയ്ക്ക് അർഹതയുണ്ടായിരിക്കുവാനും സാധ്യതയുണ്ട്. ഈ അപേക്ഷകളിൽ പങ്കാളികളെയും ആശ്രിതരെയും ഉൾപ്പെടുത്താവുന്നതാണ്.

കൂടാതെ, പ്രധാന അപേക്ഷകൻ താഴെ പറയുന്നവയിൽ ഒന്ന് പാലിക്കണം:
1. മൂന്നോ അതിലധികമോ വർഷങ്ങളായി ന്യൂസിലൻഡിൽ താമസിക്കുന്നവർ ആയിരിക്കണം (2018 സെപ്റ്റംബർ 29 നും 2021 സെപ്റ്റംബർ 29 നും ഇടയിൽ കുറഞ്ഞത് 821 ദിവസമെങ്കിലും ന്യൂസിലാൻഡിൽ ഉണ്ടായിരുന്നിരിക്കണം), അല്ലെങ്കിൽ
2. ശരാശരി വേതനത്തിന് മുകളിൽ നേടുക (മണിക്കൂറിൽ 27ഡോളർ അല്ലെങ്കിൽ കൂടുതൽ), അല്ലെങ്കിൽ
3. ലോങ് ടേം സ്‌കിൽ ഷോർട്ടേജ് പട്ടികയിൽ ഉള്ള ജോലി ചെയ്യുന്നവർ, അല്ലെങ്കിൽ
4. തൊഴിൽ രജിസ്‌ട്രേഷൻ കിട്ടിയവർ, ആരോഗ്യം അല്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നവർ, അല്ലെങ്കിൽ
5. വ്യക്തിഗത പരിചരണത്തിലോ മറ്റ് നിർണായക ആരോഗ്യ പ്രവർത്തക ജോലികളിലോ പ്രവർത്തിക്കുന്നവർ, അല്ലെങ്കിൽ
6. പ്രാഥമിക വ്യവസായങ്ങളിൽ ഒരു നിർദ്ദിഷ്ട റോളിൽ പ്രവർത്തിക്കുന്നവർ ആയിരിക്കണം.

നിലവിലെ റെസിഡൻസി അപേക്ഷാ പ്രക്രിയയിൽ ആവശ്യപ്പെടുന്നതുപോലെ അപേക്ഷകർ ഈ പുതിയ റെസിഡൻസ് വിസ മാർഗ്ഗത്തിൽ ഹെൽത്ത് പൊലീസ് സെക്യൂരിറ്റി പരിശോധനകൾ പാസാകുകയും വേണം. ഇമിഗ്രേഷൻ ഓഫീസർ പ്രത്യേകമായി ആവശ്യപ്പെടുന്നില്ലെങ്കിൽ വിദേശ പൊലീസ് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. ചില ആളുകൾക്ക് പരിമിതമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളും നെഞ്ച് എക്‌സ്-റേ സർട്ടിഫിക്കറ്റുകളും ആവശ്യമായി വന്നേക്കാം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം.

'2021 റസിഡന്റ് വിസ' രണ്ട് ഘട്ടങ്ങളിലായി അപേക്ഷകൾക്കായി തുറക്കും. യോഗ്യരായ അപേക്ഷകർക്ക് 2021 ഡിസംബർ 1 മുതലും, ശേഷിക്കുന്ന യോഗ്യരായ അപേക്ഷകർക്ക് 2022 മാർച്ച് 1 മുതലും അപേക്ഷകൾ സമർപ്പിക്കാം. എല്ലാ അപേക്ഷകളും 2022 ജൂലൈ 31 നകം സമർപ്പിക്കണം

ജോലി സംബന്ധമായ മിക്ക വിസ ഉടമകൾക്കും ഈ പദ്ധതി ലഭ്യമാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വിസകളും ഇതിൽ ഉൾപ്പെടുന്നു. അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഈ പുതിയ പദ്ധതി പ്രകാരം റസിഡൻസിക്ക് അർഹതയുണ്ടായിരിക്കും. സന്ദർശകർ, വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന അവധിക്കാലക്കാർ, അംഗീകൃത സീസണൽ എംപ്ലോയർ തൊഴിലാളികൾ എന്നിവർ യോഗ്യരല്ല.