കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകളും മയക്കുമരുന്നു വിപണികളും ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെ സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഉണരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

പ്രെഫഷണൽ കോളജുകൾ ഉൾപ്പെടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ അതീവ രഹസ്യമായി പ്രവർത്തിക്കുന്ന വിവിധ വിദ്യാർത്ഥി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ പഠനത്തിനും അന്വേഷണത്തിനും വിധേയമാക്കണം. സ്വതന്ത്ര സംഘടനകളുടെ രൂപത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇത്തരം തീവ്രവാദഗ്രൂപ്പുകൾ സ്വാധീനമുറപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഇതിന്റെ പിന്നിൽ ആരെന്നുള്ളതും ഇവരുടെ ലക്ഷ്യമെന്തെന്നതും സംശയം ജനിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാക്ക്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും കാശ്മീരിൽ നിന്നും കേരളത്തിലേയ്ക്ക് മുൻ വർഷങ്ങളിൽ ഒരിക്കലുമില്ലാത്ത രീതിയിൽ വിദ്യാർത്ഥികൾ എത്തിച്ചേരുന്നുവെന്ന സർക്കാർ കണക്കുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ കടന്നുവരുന്നവരുടെ ലക്ഷ്യമെന്തെന്നുള്ളതിൽ ദുരൂഹതയുണ്ട്.

രാസലഹരിയുൾപ്പെടെ മയക്കുമരുന്നു മാഫിയകൾ സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോൾ ഇക്കൂട്ടർ ലക്ഷ്യംവെയ്ക്കുന്ന നാർക്കോട്ടിക് വിപണി വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതുതലമുറയുമാണെന്ന് വ്യക്തമാണ്. അതിനാൽതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലൂടെ ലക്ഷ്യമിടുന്ന മയക്കുമരുന്നു വ്യാപാരം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുവാൻ സാധ്യതയേറും. ഭാവിതലമുറയുടെ സംരക്ഷണത്തിനായി സർക്കാർ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനമേധാവികളും അദ്ധ്യാപക അനദ്ധ്യാപകരും മാതാപിതാക്കളും സംയുക്തമായി ഉണർന്നുപ്രവർത്തിക്കാൻ വൈകരുതെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.