കൊച്ചി: കെ റെയിൽ പദ്ധതി 2025 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ സംസ്ഥാന വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് സംഭവിക്കുകയെന്നും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എംഡി വി. അജിത്കുമാർ.

കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സിൽ 'കെ റെയിൽ ദി സിൽവർലൈൻ പ്രോജക്ട് ഓഫ് കേരള' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇരട്ടപ്പാതയുള്ള പദ്ധതിയിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.സംസ്ഥാനത്തെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ റെയിലിന് 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. 530.6 കിലോമീറ്റർ ദൈർഘ്യം നാലു മണിക്കൂറിൽ താഴെ പൂർത്തിയാക്കാനാവും. ഇരുഭാഗത്തേക്കും 37 വീതം ട്രെയിനുകൾ ഓടും. തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റിനുള്ളിൽ ഒരു സർവീസ് ഉണ്ടാകും.

കെ റെയിൽ നിർമ്മാണം മൂലം പ്രളയസാധ്യതകളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുമെന്ന പ്രചാരണങ്ങൾ അസ്ഥാനത്താണെന്ന് അജിത്കുമാർ പറഞ്ഞു. പദ്ധതിയുടെ സ്ഥലമെടുപ്പിന് 13,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ട സ്ഥലമെടുപ്പ് ആരംഭിച്ചു. പദ്ധതി വരുന്നതോടെ കേരളത്തിലെ യാത്രാവഴികൾ മാറുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.