പൃഥ്വിരാജിന് സുപ്രിയയുടെ അപ്രതീക്ഷിത പിറന്നാൾ സമ്മാനം. വാഹന പ്രേമിയായ പൃഥ്വിക്ക് ബ്രിട്ടിഷ് വാഹന നിർമ്മാതാക്കളായ മിനിയുടെ ഏറ്റവും കരുത്തൻ കാർ ജെസിഡബ്ല്യുവാണ് ഭാര്യ സമ്മാനിച്ചത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവി എം മിനിയിൽ നിന്നാണ് വാഹനം വാങ്ങിയത്.

സുപ്രിയയ്‌ക്കൊപ്പം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ ആഡംബര വാഹനങ്ങളുള്ള പൃഥ്വിരാജിന്റെ ഗാരിജിലെ 'സ്‌പെഷൽ' കാറായിരിക്കും റിബൽ ഗ്രീൻ നിറത്തിലുള്ള ഈ മിനി കൂപ്പർ.

മിനി കൂപ്പറിന്റെ പെർഫോമൻസ് പതിപ്പാണ് ജോൺ കൂപ്പർ വർക് എന്ന ജിസിഡബ്ല്യു. ഏകദേശം 45.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മിനിയുടെ ഇന്ത്യയിലെ ഏറ്റവും കരുത്തൻ കാറാണ് ജെസിഡബ്ല്യു. 2.0 ലിറ്റർ പെട്രോൾ എൻജിനാണ് ജെസിഡബ്ല്യു പതിപ്പിനും കരുത്തു നൽകുന്നത്. 231 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകും ഈ എൻജിൻ. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.1 സെക്കൻഡ് മാത്രം മതി വാഹനത്തിന്.