ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് നിരയിൽനിന്ന് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ പുറത്ത്. പരിശീലനത്തിനിടെ സംഭവിച്ച പരുക്കാണ് അർജുന് വിനയായത്. അർജുൻ തെൻഡുൽക്കർ ടീം വിടാൻ കാരണമായ പരുക്കിന്റെ വിശദാംശങ്ങൾ വാർത്താ കുറിപ്പിൽ വിശദീകരിച്ചിട്ടില്ല.

അർജുന്റെ പകരക്കാരനായി ഡൽഹി താരം സിമർജീത് സിങ്ങിനെ മുംബൈ ഇന്ത്യൻസ് നിരയിൽ ഉൾപ്പെടുത്തി. ഐപിഎൽ ചട്ടങ്ങൾ അനുസരിച്ച് ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കിയ സിമർജീത് സിങ്, ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായി മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഐപിഎൽ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കറിനെ സ്വന്തമാക്കിയത്. ടീമിന്റെ ഭാഗമായെങ്കിലും ഇതുവരെ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.

അർജുന്റെ പകരക്കാരനായി എത്തുന്ന സിമർജീത് സിങ് അടുത്തിടെ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗമായിരുന്നു. എങ്കിലും ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനായില്ല.ന