കൊച്ചി: ട്വന്റി ട്വന്റിയോടുള്ള കലിപ്പ് തുടർന്ന് പി.വി. ശ്രീനിജിൻ എംഎ‍ൽഎ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ട്വന്റി-20 സ്ഥാപിച്ച സൗജന്യ ചായ കൗണ്ടർ പൂട്ടിച്ചതിനെച്ചൊല്ലി വിവാദത്തിന് പിന്നിൽ എംഎൽഎയുടെ പ്രതികാരമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനധികൃത ബോർഡുകളും എഴുത്തുകളും കൂടുന്നതായി കണ്ടെത്തിയതോടെയാണ് അതെല്ലാം നീക്കാൻ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്. യോഗത്തിൽ ട്വന്റി 20-യുടെ പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗങ്ങളും ഉണ്ടായിട്ടും അവർ എതിരഭിപ്രായമൊന്നും പറഞ്ഞില്ല. ട്വന്റി 20-യെ ചായ കൊടുക്കുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ലെന്ന് എംഎൽഎ പറയുന്നു. ഈ വാക്കുകളിൽ തന്നെയുണ്ട് ഗൂഢാലോചന.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനധികൃത ബോർഡുകളും എഴുത്തുകളും കൂടുന്നതായി കണ്ടെത്തിയതോടെയാണ് അതെല്ലാം നീക്കാൻ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമ്പോൾ അതിനെ ആരും എതിർക്കേണ്ടതില്ല. എന്നാൽ ഇതിന്റെ പേരിൽ മാറ്റിയതും പൂട്ടിയതും സൗജന്യ ചായക്കടയായിരുന്നു. ജനങ്ങൾക്കിടയിലേക്ക് ട്വന്റി ട്വന്റി വേരുകൾ ഇനിയും വളരാതിരിക്കാനുള്ള കരുതൽ. കിഴക്കമ്പലം മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് ട്വന്റി-20 കഴിഞ്ഞ എട്ടുവർഷമായി സൗജന്യമായി ചായയും കാപ്പിയും ബണ്ണും നൽകിവരുന്നുണ്ട്.

ഇത് കഴിഞ്ഞദിവസം ആശുപത്രി മാനേജ്മെന്റ് സമിതിയുടെ ഇടപെടലിനെത്തുടർന്ന് ചായ കൗണ്ടർ അടച്ചുപൂട്ടേണ്ടി വന്നിരിക്കുകയാണെന്ന് ട്വന്റി-20 അധികൃതർ കുറ്റപ്പെടുത്തുന്നു. എംഎ‍ൽഎ.യുടെ രാഷ്ട്രീയ ഇടപെടൽകൊണ്ടാണ് ഇത് അവസാനിപ്പിക്കേണ്ടിവന്നതെന്നാണ് ട്വന്റി 20 -യുെട ആരോപണം. ശ്രീനിജിൻ എംഎ‍ൽഎ.യായി വന്നശേഷം നടന്ന ആശുപത്രിയുടെ പ്രഥമ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽത്തന്നെ ഈ തീരുമാനം എടുത്തതിനു പിന്നിൽ രാഷ്ട്രീയവൈരാഗ്യം മാത്രമാണെന്നും ട്വന്റി-20 പറയുന്നു.

കഴിഞ്ഞദിവസം ചേർന്ന മാനേജ്മെന്റ് സമിതി യോഗത്തിൽ ആശുപത്രിയിൽ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നു എന്ന വിഷയം സിപിഎം. അംഗങ്ങൾ ഉയർത്തിക്കൊണ്ടുവരികയായിരുന്നു. അതോടെ അത്തരം ബോർഡുകൾ മാറ്റാൻ തീരുമാനിച്ചു. ചായ കൗണ്ടറിലെ ട്വന്റി 20-യുടെ എഴുത്തിന് മുകളിൽ കുഷ്ഠരോഗ ബോധവത്കരണം നടത്തുന്നനായുള്ള പോസ്റ്റർ പതിച്ച് മറയ്ക്കുകയും ചെയ്തു.

ദിവസവും ശരാശരി 200 പേർ വന്നുപോകുന്നതാണ് പ്രാഥമികാരോഗ്യ കേന്ദ്രം. മാസം 38,000 രൂപയോളം മുടക്കിയാണ് ചായ കൗണ്ടർ നടത്തിക്കൊണ്ടുപോയിരുന്നത്. ഇത് ചികിൽസയ്ക്ക് എത്തുന്നവർക്ക് ആശ്വാസവുമായിരുന്നു. പാവപ്പെട്ട ജനങ്ങൾക്ക് ആരെങ്കിലും സൗജന്യമായി നൽകുന്ന സേവനം സങ്കുചിത താത്പര്യത്താൽ നിർത്തലാക്കുമ്പോൾ, പകരം സംവിധാനം ഒരുക്കാൻ ഈ തീരുമാനമെടുത്തവർക്ക് ബാധ്യതയുണ്ടെന്ന് കിറ്റക്‌സ് കമ്പനി എംഡിയും ട്വന്റി ട്വന്റി കോ ഓർഡിനേറ്ററുമായ സാബു എം ജേക്കബ് പറയുന്നു.

ജനപ്രതിനിധികൾ ഇത്തരത്തിൽ മനുഷ്യത്വരഹിതമായ തീരുമാനങ്ങളെടുത്ത് പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ക്രൂരതയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.