കൊച്ചി: കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിൽ റെയിൽവേ കൂടുതൽ അൺറിസർവ്ഡ് ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നു. റിസർവേഷൻ ഇല്ലെങ്കിലും എക്സ്‌പ്രസ് നിരക്കായിരിക്കും ബാധകമാകുക. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിൽനിന്നു തൽസമയം ടിക്കറ്റ് എടുക്കാം.

തിരുവനന്തപുരം -പുനലൂർ അൺറിസർവ്ഡ് സ്‌പെഷൽ ഈ മാസം 6ന് സർവീസ് ആരംഭിക്കും. പുനലൂരിൽ നിന്നുള്ള സർവീസ് 7 മുതൽ ആരംഭിക്കും. പുനലൂരിൽനിന്നു രാവിലെ 6.30ന് പുറപ്പെട്ടു 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 5.50ന് പുറപ്പെട്ട് രാത്രി 8.15ന് പുനലൂരിലെത്തും.

കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്‌പ്രസ് 8ന് സർവീസ് ആരംഭിക്കും. രാവിലെ 5.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് 7.50ന് കൊല്ലത്തു എത്തും. കൊല്ലംതിരുവനന്തപുരം അൺറിസർവ്ഡ് എക്സ്‌പ്രസ് ഉച്ചയ്ക്കു 3.30ന് കൊല്ലത്തുനിന്നു പുറപ്പെട്ടു വൈകിട്ട് 5.45ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്‌പ്രസ് 6.00ന് പുറപ്പെട്ടു 7.55ന് നാഗർകോവിൽ എത്തും. ഇവ രണ്ടും 8ന് സർവീസ് തുടങ്ങും.

എറണാകുളം-ഗുരുവായൂർ, എറണാകുളം-ആലപ്പുഴ ട്രെയിനുകളും, മംഗളൂരു-ചെന്നൈ എഗ്മൂർ എന്നിവ വൈകാതെ സർവീസ് പുനരാരംഭിക്കുമെന്നു അധികൃതർ പറഞ്ഞു. പാലക്കാട്എറണാകുളം, പാലക്കാട്-തിരുച്ചെന്തൂർ ട്രെയിനുകളും കന്യാകുമാരി-പുണെ ജയന്തിയും ഷൊർണൂർ-നിലമ്പൂർ പാതയിലെ പാസഞ്ചർ ട്രെയിനുകളുമാണു ഇനിയും സർവീസ് ആരംഭിക്കാനുള്ളത്.