- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ പാസ് പോർട്ട് പുതുക്കുമ്പോൾ ഒ സി ഐ പുതുക്കേണ്ട; 50 വയസ്സു കഴിഞ്ഞാലും ഒ സി ഐ പുതുക്കേണ്ട; 20 വയസ്സു കഴിഞ്ഞു ഒ സി ഐ കാർഡ് കിട്ടിയവരും ഇനി പുതുക്കേണ്ട; അഡ്രസ്സ് മാറുമ്പോഴും ഇനി മാറ്റം വേണ്ട; ഒ സി ഐ കാർഡിലെ മാറ്റങ്ങൾ അറിയുക
മലയാളികൾ ഉൾപ്പടെയുള്ള വിദേശം ഇന്ത്യാക്കാർക്ക് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്ന ഒന്നാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് അഥവാ ഓ സി ഐ കാർഡ്. 1950 ജനുവരി 26 നോ അതുകഴിഞ്ഞുള്ള ഏതൊരു സമയത്തോ ഇന്ത്യൻ പൗരത്വത്തിനുള്ള യോഗ്യത നേടുകയോ അല്ലെങ്കിൽ ഇന്ത്യൻ പൗരൻ ആയിരുന്നിരിക്കുകയോ ചെയ്ത ആർക്കും ഒ സി ഐ കാർഡിനായി അപേക്ഷിക്കാം. ഇതിനുപുറമെ, 1947 ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയുടെ ഭാഗമായിരുന്ന ഏതൊരുസ്ഥലത്തും ഉണ്ടായിരുന്നവർക്കും ഒ സി ഐ കാർഡിനുള്ള അർഹതയുണ്ട്.
ഓ സി ഐ കാർഡിന് അർഹതയുള്ള മറ്റുള്ളവർ, ഇതുപോലെ അർഹതയുള്ളവരുടെ മക്കൾ, ചെറുമക്കൾ, ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻ തുടങ്ങിയവരും, മാതാപിതാക്കൾ ഇന്ത്യാക്കാരായ മൈനർ വിഭാഗത്തിൽ പെടുന്ന കുട്ടികൾ, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായ മൈനർ വിഭാഗത്തിൽ പെടുന്ന കുട്ടികൾ എന്നിവരാണ്. അതുപോലെ ഭാര്യയോ ഭർത്താവോ വിദേശിയായ ഇന്ത്യൻ പൗരൻ/ പൗര, അല്ലെങ്കിൽ ഇന്ത്യൻ പൗരന്റെ? പൗരയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവർക്കും ഒ സി ഐ കാർഡിനുള്ള അർഹതയുണ്ട്. എന്നാൽ, കാർഡിന് അപേക്ഷ നൽകുന്നതിന് ചുരുങ്ങിയത് രണ്ട് വർഷം മുൻപെങ്കിലും വിവാഹം നടന്നിരിക്കണം.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കോ, പൗരന്മാരായിരുന്നവർക്കോ അവരുടെ കുട്ടികൾക്കോ ചെറുമക്കൾക്കോ ഒ സി ഐ കാർഡിന് അപേക്ഷിക്കാനാവില്ല. അതുപോലെ ടൂറിസ്റ്റ് വിസ, മിഷണറി വിസ, മൗണ്ടനീയറിങ് വിസ എന്നിവയിലുള്ള ഇന്ത്യൻ പൗരന്മാർക്കും ഇതിന് അപേക്ഷിക്കാനാവില്ല. ഒ സി ഐ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഇപ്പോൾ ചില സുപ്രധാന മാറ്റങ്ങൾ സർക്കാർ വരുത്തിയിട്ടുള്ളത്.
നേരത്തേ 20 വയസ്സിനു മുൻപും 50 വയസ്സുകഴിഞ്ഞവർക്കും ഓരോ തവണ പാസ്സ്പോർട്ട് പുതുക്കുമ്പോഴും ഓ സി ഐ കാർഡ് പുതുക്കേണ്ടതായി വന്നിരുന്നു. പുതിയ നിയമപ്രകാരം ഇനി അതിന്റെ ആവശ്യമില്ല. 20 വയസ്സ് പൂർത്തിയാകുന്ന നേരത്ത് പുതിയ പാസ്സ്പോർട്ട് നൽകുമ്പോൾ മാത്രമാണ് ഇനി മുതൽ ഒ സി ഐ കാർഡ് പുതുക്കേണ്ടതായി വരിക. അപേക്ഷകന്റെ മുഖത്തെ സവിശേഷതകൾ കൃതയമായി രേഖപ്പെടുത്തുന്നതിനാണിത്.
എന്നാൽ, 20 വയസ്സുവരെയും 50 വയസ്സുകഴിഞ്ഞും പുതിയ പാസ്സ്പോർട്ട് എടുക്കുമ്പോൾ പുതിയ പാസ്സ്പോർട്ടും ഏറ്റവും പുതിയ ഫോട്ടോയും ഓൺലൈനിൽ അപ്ലോഡ് ചെയ്യണം. പുതിയ പാസ്സ്പോർട്ട് ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ ഇത് ചെയ്യേണ്ടതായിട്ടുണ്ട്. ഇതിന് പ്രത്യേക ചാർജ്ജ് ഈടാക്കുന്നതല്ല. അതുപോലെ, ഇന്ത്യൻ പൗരന്റെ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വിദേശ പൗരത്വമുള്ള ഒരു ഒ സി ഐ കാർഡ് ഉടമയുടെ ഭാര്യയോ ഭർത്താവോ ഓരോ തവണ പാസ്സ്പോർട്ട് പുതുക്കുമ്പോഴും പാസ്സ്പോർട്ടും ഏറ്റവും പുതിയ ഫോട്ടോയും ഓൺലൈനിൽ അപ്ലോഡ് ചെയ്യണം. ഇതോടൊപ്പം വിവാഹബന്ധം ഇപ്പോഴും തുടരുന്നു എന്നതിന്റെ രേഖാമൂലമുള്ള തെളിവും അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.
അതേസമയം, ഒ സി ഐ കാർഡ് പുതുക്കേണ്ടവർക്ക് അതിനുള്ള സമയം 2021 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. അതുപോലെ നിലവിലുള്ള ഓ സി ഐ കാർഡുമായി യാത്ര ചെയ്യേണ്ടവർക്ക് ഇനിമുതൽ പുതിയ പാസ്സ്പോർട്ട് മാത്രം കൂടെകൊണ്ടുപോയാൽ മതിയാകും. പഴയ പാസ്സ്പൊർട്ട് കൂടെ കരുതേണ്ടതില്ല. അതുപോലെ മേൽവിലാസം മാറുമ്പോഴൊക്കെ ഒ സി ഐ കാർഡ് പുതുക്കേണ്ടതില്ല. അഡ്രസ്സ് പ്രൂഫ് അപ്ലോഡ് ചെയ്താൽ മതിയാകും. എന്നാൽ പേരോ, പൗരത്വമോ മാറുകയാണെങ്കിൽ ഒ സി ഐ കാർഡ് നിർബന്ധമായും പുതുക്കണം.
മറുനാടന് മലയാളി ബ്യൂറോ