കൊല്ലം : സ്‌കൂട്ടറിൽ കയറിയ അണലിയുമായി യുവാവ് സഞ്ചരിച്ചത് 30 കിലോമീറ്റർ. കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത്മോനാണ് (36) സ്‌കൂട്ടറിനുള്ളിൽ കുടുങ്ങിയ അണലിയുമായി ഇത്ര ദൂരം യാത്ര ചെയ്തത്. ഭാര്യ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് വണ്ടിക്കുള്ളിൽ അണലി കയറിയ വിവരം മനസ്സിലാക്കുന്നത്. എന്നാൽ വണ്ടിയുടെ ഉള്ളിലേക്ക് കയറിയ പാമ്പുമായി സുജിത്തിന് യാത്ര തുടരേണ്ടി വന്നു.

ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലർച്ചെ 4.45-ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരകോട്ട് എത്തിയപ്പോൾ കൈയിൽ എന്തോ ഇഴയുന്നതായി തോന്നി. ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയിലേക്ക് സ്പർശമെത്തിയത്. വണ്ടി നിർത്തി മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ ഹെഡ് ലൈറ്റിന്റെ പിൻഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും അത് കൂടുതൽ ഉള്ളിലേക്ക് കയറി.

പുലർച്ചെയായതിനാൽ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്രതുടരാൻ തീരുമാനിച്ചു. അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകൾ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങൾ അടച്ചശേഷം ശ്രദ്ധിച്ച് സ്‌കൂട്ടറോടിച്ച് വീട്ടിലെത്തിയെന്ന് സുജിത്മോൻ പറയുന്നു. വീട്ടിലെത്തിയശേഷം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഭാഗത്തേക്ക് ഇതു മാറും. തുടർന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്.