രാജ്യത്തെ അതിർത്തികൾ നവംബറിൽ തുറക്കുമെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനും നവംബർ മുതൽ വിദേശത്തേക്കം തിരിച്ചും യാത്ര ചെയ്യാൻ കഴിയും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ബാധകമായിരിക്കും.

വാക്സിനേഷൻ നിരക്ക് 80 ശതമാനം പിന്നിട്ട സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ളവർക്കാകും അടുത്ത മാസം മുതൽ വിദേശ യാത്രകൾ സാധ്യമാകുക.വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക് രാജ്യാന്തര അംഗീകാരമുള്ള വാക്സിനേഷൻ രേഖ ആവശ്യമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കി.

80 ശതമാനം വാക്സിനേഷൻ നിരക്ക് പല സമയത്തായിരിക്കും പൂർത്തിയാകുക എന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ അതിർത്തി തുറക്കുന്നതും വ്യത്യസ്ത സമയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തുള്ളവർക്കായിരിക്കും ആദ്യം വിദേശ യാത്രകൾ സാധ്യമാകുക എന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിലും സൗത്ത് ഓസ്ട്രേലിയയിലും പരീക്ഷിക്കുന്ന ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ പദ്ധതി പിന്നീട് മറ്റിടങ്ങളിലും വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും ഓസ്ട്രേലിയയിൽ അംഗീകരിച്ചിട്ടിലാത്ത വാക്സിൻ സ്വീകരിച്ചവർക്കും 14 ദിവസത്തെ ക്വാറന്റൈൻ ബാധകമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത12 വയസിന് താഴെയുള്ള കുട്ടികളെയും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരെയും യാത്ര ചെയ്യുന്നതിനായി വാക്സിനേഷൻ സ്വീകരിച്ചവരായിട്ടാണ് കണക്കാക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ഓസ്ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനുമാണ് ഇത് ബാധകം.