ഷിക്കാഗോ: ഇന്ത്യൻ എൻജിനീയർമാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ (AAEIO) ഉദ്ഘാടനം ഓക്‌ബ്രൂക്ക് മാരിയറ്റിൽ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാറും, യുഎസ് കോൺഗ്രസ്മാൻ ഷോൺ കാസ്റ്റണും തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലാഡ്സൺ വർഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ലക്ഷ്യങ്ങളേക്കുറിച്ചും (4th Pillar) നാലാം തൂണിനേക്കുറിച്ചും സംസാരിച്ചു. അടുത്ത പത്തുവർഷംകൊണ്ട് ഒരു ലക്ഷം എൻജിനീയർമാരെ സംഘടനയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനം നിർവഹിച്ച കോൺസൽ ജനറൽ അമിത് കുമാർ കാൺപൂർ ഐഐടിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും ഐഎഫ്എസും നേടിയ ആളാണ്. സംഘടനയുടെ വളർച്ച ഇന്ത്യയിലേക്കുകൂടി വ്യാപിക്കണമെന്നും, ഇന്ത്യയുടെ ഉയർന്ന വിദ്യാഭ്യാസത്തിനും, സാമ്പത്തിക വളർച്ചയ്ക്കും എഎഇഐഒ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ കോൺസുലേറ്റിന്റെ എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

തുടർന്ന് പ്രസംഗിച്ച യുഎസ് കോൺഗ്രസ്മാൻ ഷോൺ കാസ്റ്റൺ ഒരു എൻജിനീയറും, വലിയ എനർജി കമ്പനിയായ ടർബോസ്റ്റെം കോർപറേഷന്റെ സിഇഒയും കൂടിയായിരുന്നു. ഫെഡറൽ ഗവൺമെന്റിന്റെ സയൻസ്, സ്പെയ്സ് ആൻഡ് ടെക്നോളജിയുടെ മേൽനോട്ടം വഹിക്കുന്ന കോൺഗ്രസ്മാൻ എഎഇഐഒയുമായി ചേർന്ന് ഭാവിയിൽ പ്രവർത്തിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

എഎഇഐഒയുടെ പുതിയ സംരംഭമായ 'ബിസിനസ് ഇൻകുബേറ്റർ' പ്രോഗ്രാം സാരഥിയും, മെക്കാനിക്കൽ എൻജിനീയറും, ഹാർവാർഡ് നിയമ ബിരുദധാരിയുമായ യുഎസ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. എഎഇഐഒയുടെ അംഗങ്ങൾക്ക് സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങുമ്പോൾ മെന്ററിങ്, നെറ്റ് വർക്കിങ്, ഫിനാൻഷ്യൽ സപ്പോർട്ട് എന്നിവ നൽകുന്ന പദ്ധതിയാണിത്. എഎഇഐഒ ഷിക്കാഗോയിൽ ടി- ഹബ്ബുമായി ചേർന്ന് ഒരു സ്റ്റാർട്ട്അപ്പ് അമേരിക്ക സമ്മിറ്റ് നടത്താൻ പദ്ധതിയുണ്ട്.

നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്മെന്റിന്റെ അസോസിയേറ്റ് ഡീനും ഐഐടി ഡൽഹി ഗ്രാജ്വേറ്റുമായ ഡോ. മോഹൻ ബീർ സ്വാനി മുഖ്യ പ്രഭാഷണം നടത്തി. 'ഡിജിറ്റൽ ഇന്നോവേഷനിൽ എഎഇഐഒയുടെ പങ്ക്' എന്നതായിരുന്നു വിഷയം. ബോയിങ്, റെയ്ത്തിയോൺ എന്നീ കമ്പനികളുടെ അഡൈ്വസർ കൂടിയായ ഡോ. മേഹൻ ബീർ, അവരോടൊപ്പം ചേർന്നു എഎഇഐഒ നടത്തുന്ന പ്രൊജക്ടുകൾക്ക് അദ്ദേഹത്തിന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ടെലികമ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ്, സോഫ്റ്റ് വെയർ എൻജിനീയറിങ് മേഖലയിൽ ഇരുനൂറ് മില്യനു മുകളിൽ ബിസിനസുള്ള കമ്പനികളുടെ സിഇഒമാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഗുൽസാർ സിങ്, ബ്രിജ്ജ് ശർമ്മ എന്നിവർക്ക് എഎഇഐഒ സമ്മേളനത്തിൽ വച്ച് കോൺസൽ ജനറൽ അമിത് കുമാറും, യുഎസ് കോൺഗ്രസ് മാൻ ഷോൺ കാസ്റ്റണും അവാർഡുകൾ സമ്മാനിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾക്കും ഡിന്നറിനുംശേഷം പരിപാടികൾക്ക് തിരശീല വീണു.