- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോട്ടിൽ എത്തിയ അനധികൃത കുടിയേറ്റക്കാർക്കെതിരെ വെടി വെച്ച് ഫ്രഞ്ച് പൊലീസ്; റബ്ബർ ബുള്ളറ്റ് കൊണ്ട് കാലും കൈയും ഒടിഞ്ഞത് ഇറാനിൽ നിന്നും രക്ഷപ്പെട്ടെത്തിയവർ

അനധികൃതമായി ഇംഗ്ലീഷ് ചാനൽ വഴിബ്രിട്ടനിലേക്ക് കടക്കുവാൻ ശ്രമിച്ച കുടിയേറ്റക്കാർക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർത്ത് ഫ്രഞ്ച് പൊലീസ്. കള്ളബോട്ടിൽ ചാനൽ കടക്കാൻ ശ്രമിക്കുന്നവരെ ഇതാദ്യമായാണ് വെടിയുതിർത്തുകൊണ്ട് ഫ്രഞ്ച് പൊലീസ് തടയുന്നത്. ഫ്രഞ്ച് ജ്യൂഡീഷൽ അധികൃതർ ഇക്കാര്യത്തിൽ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകാധികാരങ്ങളുള്ള ജെൻഡാർമെറി എന്ന പൊലീസ് സേന കുടിയേറ്റക്കാരുടെ ബോട്ടുകൾ തടയുവാൻ തുടങ്ങിയതോടെ പല ബീച്ചുകളിലും സ്ഥിതിഗതികൾ സംഘർഷപൂരിതമായിരിക്കുകയാണ്.
ഒരു ചെറുവള്ളത്തിൽ എട്ട് ഇറാനിയൻ സ്വദേശികർ ഡൺക്രിക്കിൽ കടലിലേക്ക് യാത്ര ആരംഭിച്ചപ്പോഴായിരുന്നു വെടിവെയ്‌പ്പ് നടന്നത്. വെടിയേറ്റ് പരിക്കേറ്റ രണ്ട് ഇറാനിയൻ കുർദ്ദുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ കാലിൽ അസ്ഥി ഒടിഞ്ഞപ്പോൾ മറ്റൊരാളുടെ കൈയാണ് ഒടിഞ്ഞത്. കൂടെയുണ്ടായിരുന്നവർ വെടിയേറ്റ് വീണപ്പോൾ ഫ്രഞ്ച് പൊലീസുകാർ ചിരിക്കുകയായിരുന്നു എന്നാണ് ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ പക്ഷെ ഭയത്താൽ ഒന്നും സംസാരിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏതുവിധേനയും ബോട്ട് കടലിൽ ഇറക്കുമെന്ന തീരുമാനവുമായി എത്തിയ ഇറാനിയൻ കുർദ്ദുകളും, ബോട്ട് തീരം വിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഫ്രഞ്ച് പൊലീസും തമ്മിൽ ഏറെ നേരം നടന്ന തർക്കങ്ങൾക്കൊടുവിലാണ് വെടിവെയൊപ്പുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാർ എത്തുന്ന ബോട്ടുകൾ തടഞ്ഞില്ലെങ്കിൽ ഫ്രാൻസിന് ബീച്ച് പട്രോൾ ഇനത്തിൽ ബ്രിട്ടൻ നൽകുന്ന 54 മില്ല്യൺ പൗണ്ട് തടഞ്ഞുവയ്ക്കുമെന്ന് കഴിഞ്ഞദിവസം പ്രീതി പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വർഷം ഇതുവരെ വിവിധ രാജ്യക്കാരായ 17,000 അഭയാർത്ഥികളാണ് ചാനൽ വഴി അനധികൃതമായി ബ്രിട്ടനിലെത്തിയിട്ടുള്ളത്. ബോട്ടിൽ ഉണ്ടായിരുന്നവർ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘത്തിൽ പെട്ടവരാണെന്ന വാർത്ത അവർ നിഷേധിച്ചു. ബ്രിട്ടനിൽ അഭയം തേടാൻ പോകുന്ന അഭയാർത്ഥികൾ ആണ് തങ്ങളെന്നായിരുന്നു അവർ പറഞ്ഞത്. 40 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ബോട്ടിൽ ആളുകളെ കയറ്റിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസ് എത്തിയതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഇറാൻ സ്വദേശി പറഞ്ഞു.
പൊലീസ് പറഞ്ഞതനുസരിച്ച് ആളുകളെ കയറ്റുന്നത് നിർത്തിയെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു എന്നാണ് അയാൾ പറയുന്നത്. വെടിയേറ്റു വീണവരെ നോക്കി പൊലീസ് ഉറക്കെ ചിരിച്ചെന്നും അയാൾ ആരോപിക്കുന്നു. റബ്ബർ ബുള്ളറ്റുകൾ മരണകാരണമായ സംഭവങ്ങൾ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്. അന്ധതയും മറ്റു വിധത്തിലുള്ള ശരീര വൈകല്യങ്ങള്ക്കും ഇത് കാരണമായേക്കാം. ഒരു ചെറിയ ലോഹ ഗോളത്തിൽ റബ്ബർ പൊതിഞ്ഞതാണ് റബ്ബർ ബുള്ളറ്റ് എന്നത്. ഫ്രാൻസിൽ ലഹളകളും മറ്റും നിയന്ത്രിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.
നോർത്തേൺ അയർലൻഡിൽ കലാപം നടക്കുന്ന സമയത്ത് അതിനെ നേരിടാൻ രൂപകല്പന ചെയ്തതാണ് ഇത്തരം വെടിയുണ്ടകൾ. അക്കാലത്ത് ഇതേറ്റ് 17 പേരോളം മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിന്നീട് ഇതിന്റെ ഉപയോഗം ബ്രിട്ടനിൽ നിരോധിച്ചു. 2001-ൽ നിരോധനം നീക്കിയതോടെയാണ് ബ്രിട്ടനിൽ റബ്ബർ വെടിയുണ്ടകൾ വീണ്ടും ഉപയോഗിക്കുവാൻ തുടങ്ങിയത്.

