ലണ്ടൻ: അവസാനം ബ്രിട്ടീഷ് സർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. തിങ്കളാഴ്‌ച്ച മുതൽ 200 സൈനിക ഡ്രൈവർമാർ ടാങ്കറുകളുമായി ബ്രിട്ടന്റെ വിവിധ മേഖലകളിലേക്ക് യാത്രയാകും. പെട്രോൾ ക്ഷാമ പരിഹരിക്കുന്നതിനായി അതിന്റെ വിതരണം സാധാരണ രീതിയിലേക്ക് കൊണ്ടുവരുവാൻ സർക്കാർ സൈനിക ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ പല സാധനങ്ങളുടെയും ക്ഷാമം കൃസ്ത്മസ്സ് വരെ തുടരുമെന്ന് ഋഷി സുനാക് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപുറകെയാണ് സൈനിക സേവനം ഉറപ്പാക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്.

മെയിലിനു നൽക്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഋഷി ഇക്കാര്യം പറഞ്ഞത്. വിതരണമേഖലയിലെ പ്രശ്നങ്ങൾ ആഗോളാടിസ്ഥാനത്തിൽ തന്നെ ഉള്ളതാണെന്നും ബ്രിട്ടൻ മാത്രം വിചാരിച്ചാൽ അത് പരിഹരിക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ഷാമം ഒരു യാഥാർത്ഥ്യമാണ്, വിവിധ മേഖലകളിൽ വിതരണ ശൃംഖലകൾ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാൽ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്, അദ്ദേഹം തുടർന്നു. പ്രശ്ന പരിഹാരത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുതിച്ചുയരുന്ന നാണയപ്പെരുപ്പം വരുന്ന ശൈത്യകാലത്ത് ലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളെ ദുരിതത്തിലാഴ്‌ത്തുമെന്നും ഋഷി സുനാക് സമ്മതിക്കുന്നു. എന്നാൽ, യൂണിവേഴ്സൽ ക്രെഡിറ്റിൽ നൽകിയിരുന്ന അധിക 20 പൗണ്ട് നിർത്തലാക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. അതിനു പകരമായി പരിശീലന പദ്ധതികളിലും തൊഴിൽ സാദ്ധ്യത ഉറപ്പുവരുത്തുന്നതിലുമായിരിക്കും കൂടുതൽ ശ്രദ്ധ നൽകുക എന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ, ഇന്ധന, ഭക്ഷ്യ മേഖലകളിൽ പ്രതിസന്ധി നിലനിൽക്കുമ്പോഴും ബ്രിട്ടീഷ് സാമ്പത്തിക രംഗം ഉയർത്തെഴുന്നേൽക്കും എന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

വരുന്ന ശൈത്യകാലത്ത് മറ്റൊരു ലോക്ക്ഡൗൺ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസ് തീർത്ത് പ്രതിസന്ധിയിൽ നിന്നും ബ്രിട്ടൻ പുറത്തേക്ക് കടക്കുവാൻ തുടങ്ങിയിരിക്കുന്നു, ഇനി ഭാവിയേക്കുറിച്ചുള്ള ചിന്തകളും ആസൂത്രണവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വിതരണത്തിന് സൈന്യത്തെ ഇറക്കുന്ന കാര്യത്തിൽ നിരവധി തവണ മലക്കം മറിഞ്ഞതിനുശേഷമാണ് ഇപ്പോൾ സർക്കാർ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

സാഹചര്യങ്ങൾ സാധാരണ ഗതിയിലേക്ക് അതിവേഗം എത്തിച്ചേരുകയാണെന്ന് ട്രഷറി മന്ത്രി സൈമൺ ക്ലാർക്ക് പറഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് സൈന്യത്തെ ഇറക്കുന്ന കാര്യം സർക്കാർ സ്ഥിരീകരിച്ചത്. നേരത്തേ ബ്രിട്ടനിൽ ഇന്ധനക്ഷാമം ഇല്ലെന്നും ആളുകൾപരിഭ്രാന്തരായി ആവശ്യത്തിലധികം ഇന്ധനം വാങ്ങിക്കൂട്ടുന്നതുകൊണ്ടുണ്ടായ പ്രതിസന്ധിയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസും പറഞ്ഞിരുന്നത്. ഇതിൽ നിന്നൊക്കെയുള്ള മലക്കം മറിച്ചിലാണ് ഇപ്പോൾ ഇന്ധന വിതരണത്തിന് സൈന്യത്തെ ഇറക്കാനുള്ള തീരുമാനം. പ്രതിസന്ധി അതീവ രൂക്ഷമാണ് എന്നു തന്നെയാണ് ഈ തീരുമാനം സൂചിപ്പിക്കുന്നത്.