ബൂസ്റ്റർ ഡോസ് നൽകുന്ന പദ്ധതി പുരോഗമിക്കുന്നതോടെ ഇസ്രയേലിൽ കോവിഡ് വ്യാപനം കുത്തനെയിടിയുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്.

നിലവിലെ കണക്കനുസരിച്ച് ആഴ്‌ച്ചയിൽ ഓരോ ദിവസവും ശരാശരി 4000 പേർക്ക് വീതമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. മൂന്നാം തരംഗം അതിന്റെ മൂർദ്ധന്യത്തിലായിരുന്ന സെപ്റ്റംബർ 14 ലെ കണക്കനുസരിച്ച് ഇത് പ്രതിദിനം 11,000 പേർക്ക് എന്ന നിലയിലായിരുന്നു. വേനലവധി കഴിഞ്ഞ് വിദ്യാർത്ഥികൾ സ്‌കൂളുകളിൽ തിരിച്ചെത്തിയിട്ടും രോഗവ്യാപനം കുറഞ്ഞുതന്നെ വരികയാണ് എന്നത് വലിയൊരു നേട്ടം തന്നെയാണ്.

വാകിസിൻ നൽകുന്ന പ്രതിരോധശേഷി ദുർബലമായതോടെ കഴിഞ്ഞ ചില മസങ്ങളിൽ രോഗവ്യാപനം ക്രമാതീതമായി വർദ്ധിച്ചിരുന്നു. മാത്രമല്ല, ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യവും രോഗവ്യാപനം കൂടാൻ ഇടയാക്കി. അതോടെ കഴിഞ്ഞ ജൂലായിൽ ആയിരുന്നു ഇസ്രയേൽ പരീക്ഷണാടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്ന പദ്ധതി ആരംഭിച്ചത്. ആദ്യം ഇത് 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മാസംചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതിനു കാരണം ബൂസ്റ്റർ ഡോസ് നൽകുന്ന അധിക പ്രതിരോധശേഷിയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓഗസ്റ്റ് 29 ലെ കണക്കനുസരിച്ച് പത്തുലക്ഷം പേരിൽ 165 കോവിഡ് രോഗികൾ വീതം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ സെപ്റ്റംബർ 26 ആയപ്പോഴേക്കും അത് പത്തുലക്ഷം പേരിൽ 110 പേർഎന്നനിലയിൽ ആയിരിക്കുന്നു. ഇസ്രയേലിൽ നിന്നുള്ള കണക്കുകൾ പറയുന്നത് ബൂസ്റ്റർ വാക്സിൻ, രോഗവ്യാപനത്തിനുള്ള സാധ്യത 11 മടങ്ങ് ഇല്ലാതെയാക്കുമെന്നാണ്. ആശുപത്രി പ്രവേശനത്തിനുള്ള സാധ്യത 20 മടങ്ങുവരെ ഇല്ലാതെയാക്കും.

ഇസ്രയേലിൽ ബൂസ്റ്റർ വാക്സിൻ വിജയം കണ്ടതോടെ പല രാജ്യങ്ങളും ഇസ്രയേലിന്റെ പാത പിന്തുടരാൻ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ 50 വയസ്സിനു മുകളിലുള്ള 30 മില്ല്യൺ ആളുകൾക്കാണ് ബൂസ്റ്റർ വാക്സിൻ നൽകുക. അതുകൂടാതെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, കെയറർമാർക്കും പ്രതിരോധ ശേഷി കുറവുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കും ഇത് നൽകും. ബ്രിട്ടനിലെ ന്യു ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ സെപ്റ്റംബർ 15 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് 60 വയസ്സിനു മുകളിലുള്ളവരിൽ ബൂസ്റ്റർ ഡോസ് എടുത്ത് രണ്ടാഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത 11.3 മടങ്ങി കുറഞ്ഞു എന്നാണ്.

ബ്രിട്ടനിലെ ആരോഗ്യവകുപ്പ് നടത്തിയ മറ്റൊരു പഠനത്തിലും ബൂസ്റ്റർ ഡോസ് പ്രായമായവരിൽ നല്ലരീതിയിൽ പ്രതിരോധം സൃഷ്ടിക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും യുവാക്കൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ബ്രിട്ടൻ ഇതുവരെ തയ്യാറായിട്ടില്ല. യുവാക്കളിൽ സ്വാഭാവിക പ്രതിരോധശേഷി തന്നെ നല്ല രീതിയിൽ ഉണ്ടെന്നാണ് ഇതിനു കാരണമായി ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ചൂണ്ടിക്കാണിക്കുന്നത്.