രുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതോടെ ഇസ്രയേലുമായി യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞതായി ഒരു ഇറാൻ വക്താവ് അറിയിച്ചു. ഇറാൻ വിദേശകര്യ മന്ത്രാലയത്തിന്റെ വക്താവായ സയിദ് ഖാട്ടിബ്സാദേയാണ് ഈ പ്രസ്താവന ഇറക്കിയത്. യുദ്ധത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പറഞ്ഞ ഖട്ടിബ്സാദെ, ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേൽ വധിച്ച കാര്യവും ചൂണ്ടിക്കാട്ടി. ഇറാനുമേൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയാണെന്നും എന്നാൽ, മേഖലയിലെ സംഘർഷങ്ങൾക്ക് പൂർണ്ണ ഉത്തരവാദി ഇസ്രയേൽ ആണെന്നും അയാൾ കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവ പരിപാടിക്ക് എതിരെ ശബ്ദമുയർത്താൻ അന്താരഷ്ട്ര സമൂഹത്തോട് ഇസ്രയേലി പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് അഭ്യർത്ഥിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം പുറത്തുവന്നത്. ഐക്യരാഷ്ട്ര സഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് ഇറാൻ എല്ലാ അതിരുകളും ലംഘിച്ച് ആണവായുധ പരിപാടിയുമായി മുന്നോട്ട് പോവുകയാണെന്ന് ബെന്നെറ്റ് കുറ്റപ്പെടുത്തിയത്. എന്നാൽ, ഇറാന്റെ കൈവശം അണുബോംബ് എത്താൻ ഇസ്രയേൽ ഒരുകാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇസ്രയേലുമായി യുദ്ധം ആരംഭിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഇറാൻ വക്താവ് ഐക്യരാഷ്ട്ര സഭയുമായി വിയന്നയിൽ, നടത്താൻ ഉദ്ദേശിച്ചിരുന്ന ചർച്ചകൾ ഇല്ലാതെയാക്കുവാൻ ഇസ്രയേൽ എല്ലാ തരത്തിലും ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ലോക ശക്തികളെ ഇറാനെതിരെ അണിനിരത്താൻ ഇസ്രയേൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അവർ എപ്പോഴും ഇറാന്റെ അണുബോംബിനെ കുറിച്ച് സംസാരിക്കും എന്നാൽ ഇറാന്റെകൈയിൽ നൂറുകണക്കിന് ബോംബുകളുണ്ട്. അവർ ആണവകരാറിൽ ഒപ്പു വച്ചിട്ടുമില്ല. അദ്ദെഹം ചൂണ്ടിക്കാട്ടി.

അതേസമയം, മേഖലയിൽ അപ്രമാദിത്തം നേടിയെടുക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഇറാന്റെ ആണവപദ്ധതികളെന്നും ബെന്നെറ്റ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ക്രൂരമായി അടിച്ചമർത്തിയ ഭൂതകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഇറാന്റെ പുതിയ പ്രസിഡന്റ് എബ്രാഹിം റൈസിയെ ടെഹ്റാനിലെ കശാപ്പുകാരൻ എന്നായിരുന്നു ബെന്നെറ്റ് വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ എതിരാളികൾക്ക് ധനസഹായവും ആയുധ പരിശീലനവും നൽകി മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് ഇറാനാണെന്നും ബെന്നെറ്റ് ആരോപിച്ചു.

ഇറാന്റെ ഇടപെടലുകളാണ് മേഖലയിലെ ലെബനോൺ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളെ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ കൈവയ്ക്കുന്നിടമെല്ലാം നശിക്കുകയാണ്. മൊത്തം ലോകത്തിനു തന്നെ ഭീഷണിയാണ് ഇറാൻ എന്നും ഇസ്രയേലി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇസ്രയേൽ പ്രധാനമന്ത്രി ആരോപിക്കുന്നത് എന്ന് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി പേമാൻ ഘടിർഖോമി പറഞ്ഞു. ഭീഷണി നിറഞ്ഞ സ്വരത്തിലാണ് ബെന്നെറ്റ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.