ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടനയുടെ കേരളത്തിലെ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സേവന സംഘടനയായ സേവാദർശന്റെ ''കർമ്മയോഗി പുരസ്‌കാര ജേതാവുമായ 'പി.ശ്രീകുമാറിനെ (ജന്മഭൂമി) കെ എച്ച് എൻ എ അനുമോദിച്ചു.. ശ്രീകുമാർ അമേരിക്കയിലെ പ്രവാസി സമൂഹവുമായി വളരെ അടുത്ത ബന്ധമുള്ള മലയാളി മാധ്യമ പ്രവർത്തകനാണെന്ന് കെ എച്ച് എൻ എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി പറഞ്ഞു.

നിരവധി തവണ അമേരിക്ക സന്ദർശിച്ചിട്ടുള്ള ശ്രീകുമാർ എഴുതിയ 'അമേരിക്ക കാഴ്ചക്കപ്പുറം' എന്ന യാത്രാ വിവരണം ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം പ്രകാശനം ചെയ്തത് കെഎച്ച് എൻഎ വാഷിങ്ടൺ കൺവൻഷൻ വേദിയിലായിരുന്നു.ഡോ.സതീഷ് അമ്പാടി പറഞ്ഞു.

'മാനവ സേവാ മാധവ സേവാ' എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദർശൻ വിവിധ മേഖലകളിലെ സമഗ്ര സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ് ''കർമ്മയോഗി പുരസ്‌കാരം''. കവി എസ് രമേശൻ നായർക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌ക്കാരം.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാർ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്ത് സജീവമാണ്. നിരവധി ദേശിയ അന്തർ ദേശീയ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. കേരളം ചർച്ച ചെയ്ത നിരവധി വാർത്തകൾ പുറത്തു കൊണ്ടു വന്നു
അമേരിക്ക, യു എ ഇ, ആസ്ര്ടേലിയ ശ്രീലങ്ക, മലേഷ്യ സിംഗപ്പുർ തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ശ്രീകുമാറിന്റെ യാത്രാ വിവരണ ലേഖനങ്ങൾ പ്രത്യേക അനുഭവം നൽകുന്നവയാണ്. 'അമേരിക്ക കാഴ്ചയ്ക്കപുറം' 'അമേരിക്കയിലും തരംഗമായി മോദി', 'മോദിയുടെ മനസ്സിലുള്ളത'. 'പി ടി ഉഷ മുതൽ പി പരമേശ്വരൻ വരെ', 'പ്രസ് ഗാലറി കണ്ട സഭ', 'മോഹൻലാലും കൂട്ടുകാരും', 'അയോധ്യ മുതൽ രാമോശ്വരം വരെ' തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുനിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്ക്ക് കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ഉൾപ്പെടെ പുരസ്‌ക്കാരങ്ങൾ നേടി. ചാനൽ ചർച്ചകളിൽ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന സംവാദകനുമാണ് പി ശ്രീകുമാർ