കൊളംബസ്, ഒഹായോ: സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു . 2021 സെപ്റ്റംബർ 26 നു തിരുനാൾ പ്രദക്ഷിണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഷിക്കാഗോ സെയിന്റ് തോമസ് സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായ മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമികനായും, പ്രീസ്റ്റ് - ഇൻ - ചാർജ് റവ. ഫാ. നിബി കണ്ണായി, റവ. ഫാ.എബി തമ്പി, റവ. ഫാ. ബേബി ഷെപ്പേർഡ് സഹകാർമീകരായും തിരുനാൾ കുർബാന അർപ്പിച്ചു.

ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 32 പ്രസുദേന്തി മാരായിരുന്നു.കൺവീനറുമാരായ ജോസഫ് സെബാസ്റ്റ്യനും പ്രദീപ് ഗബ്രിയേലും ട്രസ്റ്റീമാരായ മനോജ് അന്തോണിയോടും ഷിനോ മാച്ചുവീട്ടിൽ ആന്റണിയോടും കൂടെ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത് .നിലവിലുള്ള കോവിഡ് - 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് എല്ലാ കാര്യങ്ങളും ക്രമീകരിച്ചത്.

തുടർന്ന് ആഘോഷപൂർവ്വമായ പൊതുസമ്മേളനവും മിഷൻ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും ഊട്ടുനേർച്ചയും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ വച്ച് മാർ ജോയ് ആലപ്പാട്ടിന്റെ പിറന്നാളും മെത്രാഭിഷേക വാർഷികവും ആഘോഷിച്ചു. ഒപ്പം റവ. ഫാ. നിബി കണ്ണായി രചിച്ച 'സ്പിരിച്വൽ വെൽ - ബീയിങ് ആൻഡ് ആൽക്കഹോൾ യൂസ് എമംഗ് കോളേജ് സ്റ്റുഡന്റ്‌സ് ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ബിഷപ്പ് നിർവഹിച്ചു. മെൽബൺ സീറോ മലബാർ എപ്പാർക്കി യൂത്ത് അപോസ്റ്റലേറ്റ് സംഘടിപ്പിച്ച ഇന്റ്റർനാഷണൽ ബൈബിൾ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡൈജി ജിൻസൺ -നെ വേദിയിൽ ആദരിക്കുകയും ഉണ്ടായി.

കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും നസ്രാണി ഒളിംപിക്സ് എന്ന പേരിൽ നടത്തിയ വാർഷിക പിക്നിക്കിൽ വിജയികളായ 'ടീം കിടിലംസ്‌ന്റെ' ക്യാപ്റ്റനായ ഷിംഷ മനോജിനും മാർ ജോയ് ആലപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.