തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ തുറക്കുന്നതിനു മുൻപ് പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുന്നത്തിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ചർച്ച തുടരുകയാണ്. അദ്ധ്യാപക സംഘടനകളുമായി നടന്ന ചർച്ചയ്ക്ക് ശേഷം വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളുമായും മന്ത്രിചർച്ച നടത്തി. വിദ്യാർത്ഥി, തൊഴിലാളി സംഘടനകൾ സ്‌കൂൾ തുറക്കൽ തീരുമാനത്തെ പിന്തുണച്ചുവെന്നും മന്ത്രി അറിയിച്ചു.

13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും ആണ് യോഗത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനായി ഒരു സ്‌കൂളിൽ ഒരു ഡോക്ടറെ നിയോഗിക്കും. സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിനെതിരെ ഐഎംഎ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിടിഎ പുനഃസംഘടിപ്പിക്കുമെന്നാണ് വിവരം. സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും പിടിഎ ഫണ്ട് ഉപയോഗിച്ച് നടത്തണം. സ്‌കൂൾ തുറക്കുന്നതിനു മുൻപ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. മേയർമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായും മന്ത്രി ഇന്ന് ചർച്ച നടത്തി. തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചും സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു. ഒക്ടോബർ 20 മുതൽ സ്‌കൂളുകളിലെ ശുചീകരണം ആരംഭിക്കും.