മഞ്ചേരി: പരാജയപ്പെട്ട 12 നിയോജക മണ്ഡലങ്ങളിലും കാരണം കണ്ടെത്താൻ മുസ്ലിം ലീഗ് കമ്മീഷനെ ചുമതലപെടുത്തി. യൂത്ത് ലീഗ്, എംഎസ്എഫ് പോഷക സംഘടനകളിൽ വനിതാ പ്രാതിനിധ്യം നൽകാനും മഞ്ചേരിയിൽ ചേർന്ന ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. തെരെഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് അന്വേഷിച്ച പത്തംഗ ഉപസമിതിയുടെ നയരേഖ അംഗീകരിച്ച് പാസാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പാർട്ടി ശക്തമാക്കുന്നതിന്റെ മുന്നോടിയായി എല്ലാ ജില്ലകളിലും നേതൃയോഗം ചേരും.

കീഴ്ഘടകമായ വാർഡ് കമ്മിറ്റികളിലെ ഭാരവാഹികളുമായി സംസ്ഥാന ജില്ലാ നേതാക്കൾ ചർച്ച ചെയ്യും. കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കലിൽ അതൃപ്തിയുണ്ടെങ്കിലും അക്കാര്യവും ലീഗ് നേതൃത്വം പരസ്യമായി പറഞ്ഞില്ല. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് സലാം പറഞ്ഞു.

മുസ്ലിം ലീഗിനെ ഏറേ പ്രതിരോധത്തിൽ നിർത്തിയ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനവും പ്രവർത്തക സമിതിയിൽ ചർച്ചയായി. ഹരിതയുടെ പ്രവർത്തനത്തിനായി പുതിയ മാർഗരേഖ പ്രവർത്തക സമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എംഎസ്എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്തം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.