കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പ് കിരീടത്തിൽ മുത്തമിട്ട് എഫ്സി ഗോവ. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരാളികളായ മുഹമ്മദൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഗോവ കിരീടം നേടിയത്. പെനാൽറ്റി ബോക്സിന് പുറത്ത് വലതു മൂലയിൽ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഗോളാക്കി മാറ്റിയ ക്യാപ്റ്റൻ എഡു ബേഡിയയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ഇതോടെ ഡ്യൂറാൻഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എൽ ടീം എന്ന ചരിത്രനേട്ടവും എഫ്സി ഗോവ സ്വന്തമാക്കി. 90 മിനിറ്റുകൾ പിന്നിട്ടിട്ടും ഇരു ടീമും വിജയ ഗോൾ കണ്ടെത്താതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീട്ടിയിരുന്നു. 105-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എഡു ബേഡിയയാണ് ഗോവയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മനോഹരമായൊരു ഫ്രീ കിക്കിലൂടെയായിരുന്നു വിജയ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിന് പുറത്ത് വലതു മൂലയിൽ നിന്ന് കിട്ടിയ ഫ്രീ കിക്ക് ഇടങ്കാലു കൊണ്ട് എഡു ബേഡിയ വലയിലെത്തിക്കുകയായിരുന്നു.

തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകൾ മാത്രം അകന്നുനിന്നു. മലയാളി താരം നെമിൽ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ കഴിഞ്ഞ മത്സരങ്ങളിലേതു പോലെ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. നെമിലിനൊപ്പം തൃശ്ശൂരിൽ നിന്നുള്ള ക്രിസ്റ്റി ഡേവിസും ഗോവൻ ടീമിന്റെ ഭാഗമാണ്. രണ്ടു മലയാളികൾ അടങ്ങിയ ടീം ഡ്യൂറാൻഡ് കപ്പ് നേടിയതിൽ കേരളത്തിനും അഭിമാനിക്കാം. ഗോവയുടെ പ്രധാനപ്പെട്ട മൂന്നാം കിരീടമാണിത്. നേരത്തെ ഐഎസ്എൽ ലീഗ് ഷീൽഡും സൂപ്പർ കപ്പ് കിരീടവും ഗോവ നേടിയിട്ടുണ്ട്.