- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന് ഇസ്ലാമിസ്റ്റുകൾ പലതവണ കൊല്ലാൻ ശ്രമിച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റിന് കാറപകടത്തിൽ ദാരുണ മരണം; ഭീകരരുടെ തോക്കിൽ നിന്നുവരെ രക്ഷപ്പെട്ട കാർട്ടൂണിസ്റ്റിനൊപ്പം കൊല്ലപ്പെട്ടവരിൽ അംഗരക്ഷകരായ പൊലീസുകാരും
പ്രവാചകന്റെ കാർട്ടൂൺ വരച്ച് വിവാദമുയർത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ ലാറാ വിൽക്കിസ് എന്ന സ്വീഡിഷ് കാർട്ടൂണിസ്റ്റ് ഒരു കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന പൊലീസ് കാർ, റോഡിന്റെ തെറ്റായ വശത്തേക്ക് കടന്ന് ഒരു ട്രക്കുമായി കൂട്ടിമുട്ടുകയായിരുന്നു. 75 കാരനായ കാർട്ടൂണിസ്റ്റിനൊപ്പം അംഗരക്ഷകരായി വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും മരിച്ചതായി സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പെഷ്യൽ പ്രോസിക്യുട്ടർ ഈ അപകടത്തെ കുറിച്ച് കൂടുതലായി അന്വേഷിക്കുന്നുണ്ട്.
സ്വീഡനിലെ ക്രോണോബെർഗ് പ്രവിശ്യയിലെ മാർക്ക്യാർഡിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട രണ്ടു വാഹനങ്ങളിലും അഗ്‌നിബാധയുണ്ടാവുകയും ട്രക്ക് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2007-ൽ പ്രവാചകന്റെ കാർട്ടൂൺ വരച്ചതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വധ ഭീഷണികളാണ് വിൽക്ക്സിന് ലഭിച്ചിരുന്നത്.
2015-ൽ ക്രുദ്ട്ടോൺഡെൻ കഫേയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു സംവാദത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഒമർ എൽ ഹുസൈൻ എന്ന ഒരു തോക്കുധാരി ഇദ്ദേഹത്തിനെതിരെ വെടിയുതിർത്തിരുന്നു. അതിനു മുൻപായി 2011-ൽ വിൽക്ക്സിനെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് കൊളീൻ ലാ റോസ് എന്ന 51 കാരനെ അറസ്റ്റ് ചെയ്യുകയും പിന്നീട് 2014-ൽ ശിക്ഷിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ വിൽക്ക്സും രണ്ടു പൊലീസുകാരും മരിച്ച വിവരം നാഷണൽ പൊലീസ് ചീഫ് ആൻഡേഴ്സ് തോൺബെർഗ് സ്ഥിരീകരിച്ചു.
വിൽക്ക്സിന്റെയും കൂടെ മരണമടഞ്ഞ പൊലീസുകാരുടെയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം പൊലീസിന്റെ ഭാഗത്തുനിന്നും സാധ്യമായ സഹായങ്ങൾ എല്ലാം ചെയ്യുമെന്നും പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു അപകടം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കൂടുതൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
വിൽക്ക്സുമായി പോയ കാർ അമിതവേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിയന്ത്രണം വിട്ട് റോഡിന്റെ മറുഭാഗത്തേക്ക് കുതിച്ച് എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടനെ തന്നെ ഇരു വാഹനങ്ങളിലും അഗ്‌നിബാധയുണ്ടായി. ഇതേതുടർന്ന് അപകടം നടന്ന ഇ 4 റോഡ് താത്ക്കാലികമായി അടച്ചു.
മറുനാടന് മലയാളി ബ്യൂറോ