മയത്ത് ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരുന്നതിൽ കലിപൂണ്ട ഫോട്ടോഗ്രാഫർ വിവാഹ ഫോട്ടോകൾ കാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത ശേഷം വേദിയിൽ നിന്നും ഇറങ്ങി പോയി. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രഫർ തന്നെ തന്റെ അനുഭവം വിവരിച്ചത്. താൻ ഔദ്യോഗിക വെഡ്ഡിങ് ഫോട്ടോഗ്രഫറല്ല. കല്ല്യാണ ചെറുക്കൻ തന്റെ സുഹൃത്തായിരുന്നു. ഈ യുവാവ് തന്നെ നിർബന്ധിച്ചതുകൊണ്ടാണ് വളരെ കുറഞ്ഞ വേതനത്തിന് ഫോട്ടോ എടുക്കാൻ പോയതെന്ന് അയാൾ പറഞ്ഞു.

'പത്തുമണിക്കൂറോളമായിരുന്നു കല്യാണച്ചടങ്ങ്. രാവിലെ 11 മണിക്ക് തുടങ്ങിയ വിവാഹച്ചടങ്ങുകൾ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. അഞ്ചുമണിക്കാണ് ഭക്ഷണം വിളമ്പിയത്. എന്നാൽ, ആ സമയത്ത് ഭക്ഷണം കഴിക്കാൻ വരൻ തന്നെ അനുവദിച്ചില്ല. ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഫോട്ടോ എടുക്കുന്നത് തുടരാനും പറഞ്ഞു. വിവാഹച്ചടങ്ങ് നടന്നത് പഴയൊരു ഹാളിലാണ്. അവിടെ എയർ കണ്ടീഷൻ ഇല്ലാത്തതിനാൽ അപാരമായ ചൂടാണ് അനുഭവപ്പെട്ടത്. കടുത്ത ചൂടുമൂലവും വിശ്രമമില്ലാതെയുള്ള ജോലിമൂലവും ആകെ തളർന്ന് പോയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഫോട്ടോ ഡിലീറ്റ് ചെയ്തതത്-ഫോട്ടോഗ്രഫർ വിവരിച്ചു.

'ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി 20 മിനിറ്റ് ഇടവേള നൽകണമെന്ന് വരനോട് ഞാൻ അപേക്ഷിച്ചു. സമീപത്ത് ബാറുകളൊന്നും തുറന്നിരുന്നില്ല. കുടിക്കാൻ വെള്ളം പോലും ലഭിച്ചില്ല. കയ്യിൽ കരുതിയിരുന്ന രണ്ട് കുപ്പി വെള്ളവും ഇതിനോടകം തീർന്നുപോയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തന്നോട് ഒന്നുകിൽ ഫോട്ടോഗ്രഫറായി തുടരാനും അല്ലെങ്കിൽ നൽകാമെന്നേറ്റ പണം വാങ്ങാതെ മടങ്ങാനുമായിരുന്നു സുഹൃത്ത് പറഞ്ഞത്. അങ്ങനെയെങ്കിൽ താൻ വിവാഹത്തിനെടുത്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുമെന്ന് പറഞ്ഞു. സുഹൃത്ത് സമ്മതിച്ചു. അയാളുടെ മുമ്പിൽ വെച്ച് ഞാൻ ഫോട്ടോകൾ മുഴുവൻ ഡിലീറ്റ് ചെയ്തു.-ഫോട്ടോഗ്രഫർ പറഞ്ഞു.

ഇപ്പോൾ ദമ്പതികൾ ഹണിമൂൺ ട്രിപ്പിലാണെന്നും, സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഫോട്ടോഗ്രഫർ പറഞ്ഞു. വിവാഹഫോട്ടോകൾ പങ്കുവെയ്ക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി പേർ അവരോട് സാമൂഹിക മാധ്യമങ്ങളിൽ ചോദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ഫോട്ടോഗ്രഫറുടെ കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഏകദേശം 28,000 പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും 2600 പേർ കമന്റ് ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രഫറെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എടുത്തത് ശരിയായ തീരുമാനമാണെന്നും ഭക്ഷണവും വെള്ളവും ഏതൊരു ഫോട്ടോഗ്രഫർക്കുമുള്ള അടിസ്ഥാനപരമായ ആവശ്യമാണെന്നും ഒട്ടേറെ പേർ പറഞ്ഞു. വരനുമായുള്ള സുഹൃത്ബന്ധം തുടരണമോയെന്ന കാര്യം ഒന്നുകൂടി ആലോചിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.