ഷിക്കാഗോ: 1977-ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേരളാ കൾച്ചറൽ സെന്റർ പ്രഥമ കമ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ് ഹെറാൾഡ് ഫിഗരേദോയ്ക്ക് നൽകി ആദരിച്ചു.

ഷിക്കാഗോയിലെ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഹെറാൾഡ് ഫിഗരേദോ നൽകിയ നേതൃത്വത്തിനും അത് മൂലം സമൂഹത്തിലുണ്ടായ മാറ്റങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി.

ബാലഗായിക സെറാഫിൻ ബിനോയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിന്റെ അധ്യക്ഷ കെ.എ.സി പ്രസിഡന്റ് ഡോ. റോസ് മേരി കോലഞ്ചേരി ആയിരുന്നു. കെ.സി.സി ചെയർമാൻ പ്രമോദ് സക്കറിയാസ് സ്വാഗത പ്രസംഗത്തിൽ എല്ലാ വിശിഷ്ടാതിഥികളേയും പ്രത്യേക ക്ഷണിതാക്കളേയും സ്വാഗതം ചെയ്തു.

ഡോ. റോസ്മേരി കോലഞ്ചേരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ നല്ല കാര്യങ്ങൾ ചെയ്തവരെ അനുമോദിക്കേണ്ടതിന്റേയും ആദരിക്കേണ്ടതിന്റേയും ആവശ്യകത എടുത്തുപറഞ്ഞു.

ഡോ. റോയി തോമസ്, ബിജി എടാട്ട് (കൊച്ചിൻ ക്ലബ് സെക്രട്ടറി), അനിലാൽ ശ്രീനിവാസൻ (ലാന സെക്രട്ടറി), ഡോ. പോൾ ചെറിയാൻ, സന്തോഷ് അഗസ്റ്റിൻ, തമ്പിച്ചൻ ചെമ്മാച്ചേൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ട്രഷറർ ആന്റോ കവലയ്ക്കൽ തന്റെ ആശംസാ പ്രസംഗത്തിൽ ഹെറാൾഡ് ഫിഗരേദോയുടെ ചില പ്രത്യേകതകൾ എടുത്തുപറയുകണ്ടായി. അമേരിക്കൻ മലയാളി സമൂഹത്തിൽ അദ്ദേഹത്തിന്റേതു മാത്രമായ ഒരു പേരാണ് ഹെറാൾഡ് ഫിഗരേദോ. കൊച്ചിയിൽ നിന്നും വന്ന് കഴിഞ്ഞ 43 വർഷമായി ഷിക്കാഗോയിൽ കുടുംബ സമേതം താമസിക്കുന്ന അദ്ദേഹം ഇപ്പോൾ മൂന്ന് സംഘടനകളുടെ പ്രസിഡന്റായി ഒരേ സമയം പ്രവർത്തിക്കുന്നു. കേരളാ ലാറ്റിൻ കാത്തോലിക്സ് ഓഫ് ഷിക്കാഗോ, അമേരിക്കൻ കൊച്ചിൻ ക്ലബ്, സേക്രട്ട് ഹാർട്ട് കോളജ് തേവര, കൊച്ചിൻ അലുംമ്നി അസോസിയേഷൻ നോർത്ത് അമേരിക്ക എന്നിവ.

കൂടാതെ മറ്റുപല അസോസിയേഷനുകളിലും സജീവമായി പ്രവർത്തിക്കുന്നു.

കേരളാ കൾച്ചറൽ സെന്ററിന്റെ അവാർഡ് കെ.എ.സി മുൻ പ്രസിഡന്റുമാരായ സിബി പാത്തിക്കൽ, തമ്പിച്ചൻ ചെമ്മാച്ചേൽ എന്നിവർ ചേർന്ന് ഹെറാൾഡ് ഫിഗരേദോയ്ക്ക് നൽകി.

ഭാര്യ മാർഗരറ്റ്, മകൾ മെൽഫ എന്നിവരോടൊപ്പമാണ് ഫിഗരേദോ അവാർഡ് സ്വീകരിച്ചത്. അദ്ദേഹം നടത്തിയ മറുപടി പ്രസംഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ, കേരള കൾച്ചറൽ സെന്റർ എന്നിവയിൽ നിന്നും ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞു. കൂടാതെ ഈ അവാർഡ് തന്റെ ജീവിതത്തിൽ എന്നും മായാതെ നിൽക്കുമെന്നും കൂട്ടിച്ചേർത്തു.

തന്റെ എല്ലാ പ്രവർത്തനങ്ങളിലും സുഖത്തിലും ദുഃഖത്തിലും ധൈര്യവും സ്നേഹവും പകർന്നു നൽകുന്ന പ്രിയ ഭാര്യ മാർഗരറ്റിനും, ഏകമകൾ മെൽഫയ്ക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറഞ്ഞു.

കുരുവിള ഇടുക്കുതറയുടെ സംഗീതം ഏവരേയും ആനന്ദപുളകിതരാക്കി. സെക്രട്ടറി ഡോ. ബിനോയ് ജോർജ് നന്ദി അർപ്പിച്ച് സംസാരിച്ചു. ഫോട്ടോഗ്രാഫിയും സൗണ്ടും സൈജു & സുനിൽ കിടങ്ങയിൽ കൈകാര്യം ചെയ്തു.

രാജു മാധവൻ, ജെയിംസ് ആലപ്പാട്ട്, മാത്യു ജോസഫ്, ടിൻസൺ തോമസ്, ടോമി മത്തായി, ജോസഫ് ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ സൽക്കാര കേറ്ററിങ് തയാറാക്കിയ ഡിന്നറോടെ യോഗം പര്യവസാനിച്ചു.