പാലാ: അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ച കളരിയാമ്മാക്കൽ പാലം റോഡിന്റെ പൂർത്തീകരണത്തിനായുള്ള അക്വിസിഷൻ നടപടികൾ ധൃതഗതിയിൽ പുരോഗമിക്കുന്നതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം ഈ നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുക്കുന്നതോടെ റോഡ് നിർമ്മാണത്തിന് തുടക്കമാകും.

പാലാ ടൗണിനെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം കളരിയാമാക്കൽ കടവ് പാലത്തിന് ചെത്തിമറ്റം ഭാഗത്ത് അപ്രോച്ച് റോഡും കിഴപറയാർ ഭാഗത്ത് അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് പാലം പണി പൂർത്തിയാക്കിയത്. സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള നടപടികൾ ഇല്ലാതെ വന്നതോടെ നടപ്പാതയുടെ ഉപയോഗം മാത്രമായി പാലം മാറി. പാലത്തിനൊപ്പം ചെക്കുഡാമും നിർമ്മിച്ചിരുന്നു. 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും തീർത്തിരിക്കുന്ന പാലം നിർമ്മിച്ചത് ജലസേചന വകുപ്പായിരുന്നു. ഏഴുവർഷം മുമ്പ് മുൻ എം എൽ എ കെ എം മാണിയുടെ കാലത്താണ് പാലം പണി പൂർത്തീകരിച്ചത്.

കോടികൾ മുടക്കി പണി പൂർത്തിയാക്കിയ പാലം പ്രയോജനമില്ലാതെ കിടക്കുന്നത് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ നടപടി ക്രമങ്ങൾ അടിയന്തിര പ്രാധാന്യം നൽകി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 13 കോടി 87 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തുമായായി എം എൽ എ നിരന്തരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയത്.

മീനച്ചിൽ പഞ്ചായത്തിനെ പാലാ നഗരത്തോട് അടുപ്പിക്കാനും വികസന പ്രവർത്തനത്തിന് ആക്കം കൂട്ടാനും റോഡ് പൂർത്തിയാകുന്നതോടെ സാധിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.