മഴവിൽ മനോരയിലെ ഒരു പുതുമയാർന്ന കോമഡി ഷോയാണ് 'ഒരു ചിരി ഇരു ചിരി ബംബർ ചിരി'. നിരവധി കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയത് ഒരു അമ്മയും മകനേയുമാണ്. കോമഡി ഷോയുടെ കെട്ടിലും മട്ടിലും വ്യത്യസ്തത തീർത്ത് ചിരിപ്പൂരവുമായി എത്തിയ അശ്വിനേയും അമ്മ ശ്രീരഞ്ജിനിയേയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇരുവരും വന്നു നിന്നാൽ തന്നെ വേദിയിൽ ചിരി പടരും. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഇവരെ നെഞ്ചേറ്റി. തുടർച്ചയായി ബംപർ സമ്മാനം നേടുന്ന ഇവരുടെ പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. 'ട്വിസ്റ്റോട് ട്വിസ്റ്റും ക്ലൈമാക്‌സുകളുടെ ഘോഷയാത്രയുമാണ്' പുതിയ സ്‌കിറ്റിനെ വേറിട്ടതാക്കുന്നത്.

ഷോയിലെ സ്വന്തം പ്രകടനവും പ്രതീക്ഷകളും വിധികർത്താക്കളുടെയും അവതാരകന്റെയും പെരുമാറ്റവും ഈ സ്‌കിറ്റിൽ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു. യൂട്യൂബിൽ ആറു മണിക്കൂർ കൊണ്ട് 10 ലക്ഷം കാഴ്ചക്കാരെ നേടിയ സ്‌കിറ്റ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 24 ലക്ഷം കാഴ്ചക്കാരെ യൂട്യൂബിൽ മാത്രം ലഭിച്ചു. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം 3.0 മാതൃകയാക്കി അശ്വിനും അമ്മയും അവതരിപ്പിച്ച സടൻ പണം എന്ന സ്‌കിറ്റും യൂട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചിരുന്നു.