പീരുമേട്: പീഡനത്തിനിരയായതിനെ തുടർന്ന് പതിനേഴുകാരി കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരടിക്കുഴി സ്വദേശി ആനന്ദാണ് (23) പിടിയിലായത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബർ 17ന് ആണ് കരടിക്കുഴി സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. തൊട്ടടുത്ത ദിവസം അയൽവാസിയുടെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം ആനന്ദിലേക്ക് നീണ്ടത്.

പെൺകുട്ടിയുമായി അടുപ്പം പുലർത്തിയിരുന്ന ആനന്ദിനെ പലവട്ടം പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഇയാൾ ബന്ധം നിഷേധിച്ചു. തുടർന്ന് ആനന്ദ് ഉൾപ്പെടെ സമീപവാസികളായ മൂന്നു യുവാക്കളെ പൊലീസ് ഡിഎൻഎ ടെസ്റ്റിനു വിധേയരാക്കി. ഡിഎൻഎ ഫലം വന്നതോടെ കേസിലെ പ്രതി ആനന്ദാണെന്ന് ഉറപ്പിക്കുകയായിരുന്നു. പീരുമേട് എസ്എച്ച്ഒ ഡി.രജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.