മുംബൈ: കൊച്ചി പാലാരിവട്ടം സ്വദേശി അനൂപ് മുഹമ്മദും കൂട്ടാളി റിജേഷ് രവീന്ദ്രനും ലഹരി റാക്കറ്റിലെ മുഖ്യകണ്ണിയായ കന്നഡ നടി ഡി.അനിഖയും പിടിയിലായപ്പോൾ എൻസിബി കണ്ടെത്തിയത് ദക്ഷിണേന്ത്യയാകെ വ്യാപിച്ചുകിടക്കുന്ന വൻ ലഹരി ശൃംഖല. സുശാന്ത് സിംഗിന്റെ ദുരൂഹ മരണവും ബോളിവുഡിനെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അകത്താകുന്നത്.

ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ബോളിവുഡിലെ ലഹരി വാർത്തകൾ വീണ്ടും ചർച്ചകളിൽ എത്തുന്നത്. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായിരുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

ഇതോടെ ബോളിവുഡിനെ ഏതു സമയവും എൻസിബി വരിഞ്ഞു മുറുക്കുമെന്ന അവസ്ഥ. ആര്യൻ ഖാന്റെ അറസ്റ്റിലും മലയാളി ബന്ധമുണ്ട്. ശ്രേയസ് നായർ. ഈ വ്യക്തി ആരെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും വ്യക്തമായി പുറത്തു വന്നിട്ടില്ല. 90കളിൽ ബോളിവുഡിനെ പിടിച്ചു കുലുക്കിയ ഭൂതം വീണ്ടും എത്തുകയാണ്. ബോളിവുഡ് നായികയായിരുന്ന മംമ്ത കുൽക്കർണി, ഗുജറാത്തിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ വിക്കി ഗോസ്വാമിയുമായി പ്രണയത്തിലാകുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്.

പിന്നീട് അവർ ലഹരി കടത്തിൽ കുടുങ്ങി. ലഹരിമരുന്ന് ഇറക്കുമതി ചെയ്തതിന്റെ പേരിൽ കേസിലായ ഇരുവരും കെനിയയിലാണ്. സമൻസുകൾ അയച്ചെങ്കിലും ഹാജാരാകാത്തതിനാൽ മംമ്തയുടെ ഫ്‌ളാറ്റുകൾ കണ്ടുകെട്ടി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും സഹോദരിയുടെ മാനസികരോഗ ചികിത്സയ്ക്കു പോലും പണം തികയുന്നില്ലെന്നും നടപടി തടയണമെന്നും ആവശ്യപ്പെട്ടു മംമ്ത നൽകിയ ഹർജി കഴിഞ്ഞദിവസമാണു കോടതി തള്ളിയത്.

ലഹരിക്കടിമപ്പെട്ടു ജീവിതം താറുമാറായ സഞ്ജയ് ദത്ത് അവിശ്വസനീയമാം വിധം തിരിച്ചെത്തി. മദ്യത്തിൽ മുങ്ങി കരിയർ കൈവിട്ടുകളഞ്ഞ മനീഷ കൊയ്‌രാളയും ബോളീവുഡിലെ ദുഃഖ നായികയാണ്. പിന്നീട് അവർ ആ വിപത്തിനെ മറികടന്നു. നടൻ രൺബീർ കപൂറും ലഹരിയുടെ പിടിയിൽനിന്നു പുറത്തുവന്നയാളാണ്. നടന്മാരായ ഫർദീൻ ഖാൻ, പ്രതീക് ബബ്ബർ, അജാസ് ഖാൻ, വിജയ് റാസ്, റാപ്പർ ഹണി സിങ്, വനിതാ കൊമേഡിയൻ ഭാരതി സിങ്, സുശാന്ത് കേസിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഈയിടെ പിടിയിലായ അജാസ് ഖാൻ, അർമാൻ കോലി അങ്ങനെ ലഹരി ലോകത്തെ ബോളിവുഡ് താരങ്ങൾ ഒട്ടേറെയുണ്ട്.

സ്മിത പാട്ടീലിന്റെയും രാജ് ബബ്ബറിന്റെയും മകനായ പ്രതീക് ബബ്ബർ താൻ ലഹരിയിൽനിന്നു പറത്തുകടന്നതിനെക്കുറിച്ചും വിഷാദരോഗത്തെ നേരിട്ടതിനെക്കുറിച്ചും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സുശാന്ത് കേസിലെ അന്വേഷണം ദീപിക പദുകോൺ, സാറ അലിഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ എന്നിവരിലേക്കും സംശയങ്ങൾ എത്തി. ഇവരിൽ പലരേയും എൻസിബി ചോദ്യം ചെയ്തു.

ബോളിവുഡിലെ സ്വജനപക്ഷപാത ലോബിയുടെ തലവൻ എന്നു നടി കങ്കണ റനൗട്ട് ഉൾപ്പെടെയുള്ള മറുപക്ഷം ആരോപിക്കുന്ന സംവിധായകൻ കരൺ ജോഹറിനെതിരെ ലഹരിപ്പാർട്ടികളുടെ പേരിലും ആരോപണമുയർന്നിരുന്നു. ദീപിക പദുകോണും വിക്കി കൗശലുമുൾപ്പെടെയുള്ളവർ പങ്കെടുത്ത പാർട്ടിയുടെ ചിത്രം പുറത്തുവന്നതും വിവാദമായിരുന്നു.