അടിമാലി: ഭാര്യാ സഹോദരിയുടെ ഏഴു വയസ്സുകാരനായ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സുനിൽ കുമാറിനെ (ഷാൻ മുഹമ്മദ്) കുറ്റകൃത്യം നടന്ന വീട്ടിൽ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വീട്ടിലുണ്ടായികുന്ന നാലു പേരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സുനിൽ കുമാർ എത്തിയത്.

വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ അബ്ദുൽ ഫത്താഹ് റെയ്ഹാൻ എന്ന ഏഴു വയസ്സുകാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സുനിൽ കുമാർ കുട്ടിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫത്താഹിന്റെ മാതാവ് സഫിയ, വല്യുമ്മ സൈനബ എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫത്താഹിന്റെ 15 വയസ്സുള്ള സഹോദരിയും ആക്രമിക്കപ്പെട്ടെങ്കിലും കുതറിയോടി രക്ഷപ്പെട്ടു.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. നാലു പേരെയും കൊലപ്പെടുത്താനാണ് ഇവർ താമസിക്കുന്ന വീടുകളിൽ എത്തിയതെന്ന് തെളിവെടുപ്പിനിടെ പ്രതി പൊലീസിനോടു സമ്മതിച്ചു. സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവായിരുന്നു സുനിൽ കുമാർ. ഷൈലയും സുനിൽകുമാറും അകന്ന് കഴിയുകയാണ്. ഷൈലയുമായുണ്ടായിരുന്ന ബന്ധം വേർപ്പെടുത്തിയതിനു പിന്നിൽ സഫിയയും സൈനബയും ആണെന്നും അവരെ കുടുംബത്തോടെ കൊലപ്പെടുത്തിയാൽ ഒന്നിച്ചു താമസിക്കാമെന്നു ഷൈല പറഞ്ഞിരുന്നെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

ഇതോടെയാണ് നാലുപെരെയും കൊലപ്പെടുത്താൻ സുനിൽകുമാർ പുലർച്ചെ ഇവരുടെ വീട്ടിലെത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ കമ്പിപ്പാരയും ആക്രമിക്കാൻ ചുറ്റികയും കത്തിയും സംഘടിപ്പിച്ചു. ശനി പുലർച്ചെ 3ന് ആദ്യം സഫിയയുടെ വീട്ടിലെത്തി. കമ്പിപ്പാര ഉപയോഗിക്കാതെ തന്നെ കതകു തുറന്നു. സഫിയയും മകൻ ഫത്താഹും വീട്ടിലുണ്ടായിരുന്നു. ചുറ്റികയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.

സഫിയയെയും മകൻ ഫത്താഹിനെയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി. ഇരുവരും മരിച്ചെന്നു കരുതി തൊട്ടടുത്ത് സഫിയയുടെ മാതാവ് സൈനബ താമസിക്കുന്ന വീട്ടിലെത്തി. വീടിന്റെ പിൻവാതിൽ പൂട്ടിയിരുന്നില്ല. സൈനബയെ ആദ്യം തലയ്ക്കടിച്ചു. ഈ സമയം, സഫിയയുടെ 15 വയസ്സുള്ള മകൾ ഉണർന്നെന്നും ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ചെന്നും പ്രതി പറഞ്ഞു.

മുറിവേറ്റു കിടക്കുന്ന മാതാവിന്റെയും സഹോദരന്റെയും അടുത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് സമീപത്ത് ഷൈല താമസിക്കുന്ന ഷെഡിലേക്കും കൊണ്ടുപോയി. അവിടെ നിന്നു പുറത്തു കടക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പ്രതി പറഞ്ഞു. വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിച്ച ശേഷം വനത്തിലൂടെ നടന്ന് സമീപത്തുള്ള പണി തീരാത്ത റിസോർട്ട് കെട്ടിടത്തിലെത്തിയ സുനിൽകുമാർ രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.

ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക, കമ്പിപ്പാര, കത്തി എന്നിവ ഷെഡിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവൽ പോൾ, വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്‌ഐമാരായ സജി എൻ.പോൾ, സി.യു.ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടന്നത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.