- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങുകൾ കരിക്കിനെറിഞ്ഞു; ബസിന്റെ ചില്ല് തകർന്ന് രണ്ട് യാത്രക്കാർക്ക് പരിക്ക്
ഇരിട്ടി: കുരങ്ങുകൾ തെങ്ങിന് മുകളിൽ ഇരുന്ന് ബസിനുനേരേ കരിക്കെറിഞ്ഞതിനെ തുടർന്ന് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നാണ് അപകടം ഉണ്ടായത്. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇരിട്ടിയിൽനിന്ന് പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരേയാണ് കുരങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞത്.
റോഡരികിലെ തെങ്ങിൽനിന്നായിരുന്നു ഓടുന്ന ബസിനുനേരേ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകർന്നതിനെത്തുടർന്ന് ബസിന്റെ ഒന്നരദിവസത്തെ സർവീസ് മുടങ്ങി. നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വനംവകുപ്പിൽനിന്ന് ബസുടമയ്ക്ക് കിട്ടിയ മറുപടി. മുൻവശത്തെ ചില്ല് മാറ്റാൻ മാത്രം ഉടമ ചെക്കാനിക്കുന്നേൽ ജോൺസന് 17,000 രൂപ ചെലവായി. മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഓടുന്നത്.
പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമാണ്. കാൽനടയാത്രക്കാർക്കും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്. കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.