- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവൽക്കരണം; പരിശോധന ശക്തമാക്കി മന്ത്രാലയങ്ങൾ; ഫ്രീ വിസക്കാർക്കും സ്പോൺസർമാർക്കും മുന്നറിയിപ്പ്
സൗദിയിൽ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്വദേശിവൽക്കരണം നടപ്പിലായതോടെ പരിശോധന ശക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനയിൽ ഇരുപതോളം നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിനിടെ ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടവർക്കെതിരെ വാണിജ്യ മന്ത്രാലയം പുതിയ ബിനാമി വിരുദ്ധ നിയമമനുസരിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതൽ സ്വദേശിവൽക്കരണം പ്രാബല്യത്തിലായ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, മിനി സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിലെ പ്രവിശ്യാ മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. മന്ത്രാലയം നിർദ്ദേശിച്ച സ്വദേശിവൽക്കരണം പാലിക്കാതിരിക്കുക, തൊഴിൽ കരാറോ താമസ രേഖയോ ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുക, ഇഖാമയിൽ രേഖപ്പെടുത്തിയ പ്രഫഷന് വിരുദ്ധമായ തൊഴിൽ ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയ മേധാവി ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു.
ഇതിനിടെ ബിനാമി വിരുദ്ധ നടപടികൾ ശക്തമാക്കി വാണിജ്യ മന്ത്രാലയവും പരിശോധനകൾ തുടരുകയാണ്. പുതുക്കിയ ബിനാമി വിരുദ്ധ നിയമം ചുമത്തി രാജ്യത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമ ലംഘകരുടെ ബിസിനസ് സ്ഥാപനങ്ങൾ നിയമ വിധേയമാക്കുന്നതിന് ഇതിനകം അപേക്ഷ നൽകാത്തവരാണെങ്കിൽ പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. ഇത്തരക്കാർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.
ഫ്രീ വിസയിൽ വന്ന് സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും അമ്പതിനായിരം റിയാൽ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ ചുമത്തുക